താരിഫ് പ്രകാരം പണം പിരിക്കുന്നില്ല; പുതിയ വാദവുമായി സംഘാടകർ
|മുഖ്യമന്ത്രിക്ക് ഒപ്പമിരിക്കാൻ സംഘാടകസമിതി പണം പിരിക്കുന്നുവെന്നായിരുന്നു വിവാദം
തിരുവനന്തപുരം: മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോക കേരള സഭയുടെ യു.എസ് മേഖല സമ്മേളനത്തിന്റെ പേരിലെ പണപ്പിരിവ് വിവാദത്തിൽ പുതിയ വാദവുമായി സംഘാടകർ. താരിഫ് പ്രകാരം പണം പിരിക്കുന്നില്ലെന്നാണ് പുതിയ വാദം. താരിഫ് കാർഡ് തയ്യാറാക്കിയത് നിർവാഹക സമിതിയിലെ ചർച്ചക്ക് വേണ്ടിയാണെന്ന് സംഘാടക സമിതി ട്രഷറർ ജോൺ ഐസക് മീഡിയവണിനോട് പറഞ്ഞു. സമ്മേളനത്തിന് വേണ്ടി താരിഫ് പ്രകാരം പിരിവ് നടത്തേണ്ടെന്നാണ് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്ക് ഒപ്പമിരിക്കാൻ സംഘാടകസമിതി പണം പിരിക്കുന്നുവെന്നായിരുന്നു വിവാദം. ഇതിനിടെ ലോക കേരള സഭയുടെ യു.എസ് മേഖല സമ്മേളനത്തിന്റെ പേരിലെ പണപ്പിരിവ് സ്ഥിരീകരിച്ച് ലോകകേരള സഭാംഗം റോയ് മുളയ്ക്കൽ രംഗത്തെത്തിയിരുന്നു. സംഘാടക സമിതിയുടെ ചീഫ് കോർഡിനേറ്റർ നോർക ഡയറക്ടറാണ്. ഇത്തരം പരിപാടിക്ക് അമേരിക്കയിൽ പണപ്പിരിവ് അത്യാവശ്യമെന്ന് റോയ് മുളക്കൽ മീഡിയവണിനോട് പറഞ്ഞു.
"സംഘാടക സമിതിയുടെ പേരില്‍ സ്പോണ്‍സര്‍ഷിപ്പ് എന്ന നിലയിലാണ് പാസുകള്‍ ഏര്‍പ്പെടുത്തിയത്. ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് പാസുകളാണ് മുഖ്യമന്ത്രിക്ക് ഒപ്പം പരിപാടിയില്‍ പങ്കെടുക്കാനായി ഉള്ളത്. ഇതില്‍ ഗോള്‍ഡ് സ്പോണ്‍സര്‍ഷിപ്പിന് ഒരു ലക്ഷം ഡോളറാണ്. സ്റ്റേജില്‍ ഇരിപ്പിടം, വി.ഐ.പികള്‍ക്ക് ഒപ്പം ഡിന്നര്‍, രണ്ട് റൂം എന്നിങ്ങനെ പോകുന്നു ഇവര്‍ക്കുള്ള ഓഫര്‍. സില്‍വര്‍ പാസിന് 50000 ഡോളറും ബ്രോണ്‍സിന് 25000 ഡോളറും നല്‍കണമെന്നാണ് സംഘാടക സമിതിയുടെ പേരിലുള്ള നോട്ടീസിലുള്ളത്". അദ്ദേഹം പറഞ്ഞു.
ഈ മാസം 9 മുതല്‍ 11 വരെ ന്യൂയോര്‍ക്കിലെ മാരിയറ്റ് മാര്‍ക്വിസ് ഹോട്ടലിലാണ് സമ്മേളനം നടക്കുക.