Kerala
മലപ്പുറത്ത് ജനറല്‍ ആശുപത്രി വേണമെന്ന ആവശ്യം ശക്തം
Kerala

മലപ്പുറത്ത് ജനറല്‍ ആശുപത്രി വേണമെന്ന ആവശ്യം ശക്തം

Web Desk
|
13 Jun 2021 1:16 AM GMT

18 ജനറൽ ആശുപത്രികളുള്ള സംസ്ഥാനത്ത് ഒരൊറ്റ ജനറൽ ആശുപത്രിയുമില്ലാത്ത ജില്ലയാണ് മലപ്പുറം

സംസ്ഥാനത്ത് ജനറൽ ആശുപത്രിയില്ലാത്ത ഏക ജില്ലയായ മലപ്പുറത്ത് ജനറൽ ആശുപത്രി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മുമ്പ് മഞ്ചേരിയിലുണ്ടായ ജനറൽ ആശുപത്രി മെഡിക്കൽ കോളജാക്കി മാറ്റിയതോടെയാണ് ജനറൽ ആശുപത്രിയില്ലാത്ത ജില്ലയായി മലപ്പുറം മാറിയത്. ജില്ലാ ആസ്ഥാനമായ മലപ്പുറത്ത് ജനറൽ ആശുപത്രി സ്ഥാപിക്കാനുള്ള ആവശ്യം ആരോഗ്യ മന്ത്രിയെ നേരിൽ കണ്ട് അറിയിച്ചുവെന്ന് പി ഉബൈദുള്ള എംഎൽഎ പറഞ്ഞു.

18 ജനറൽ ആശുപത്രികളുള്ള സംസ്ഥാനത്ത് ഒരൊറ്റ ജനറൽ ആശുപത്രിയുമില്ലാത്ത ജില്ലയാണ് മലപ്പുറം. ജനസംഖ്യാനുപാതികമായി മലപ്പുറത്തേക്കാൾ വളരെ കുറഞ്ഞ ജനസംഖ്യയുള്ള ജില്ലകളിലാണ് ഒന്നിൽ കൂടുതൽ ജനറൽ ആശുപത്രികളുള്ളത്. മഞ്ചേരിയിലെ ജനറൽ ആശുപത്രി വേണ്ടത്ര പഠനം നടത്താതെ അശാസ്ത്രീയമായി മെഡിക്കൽ കോളജാക്കി ഉയർത്തിയത് ചികിത്സാ സൗകര്യം പരിമിതമാക്കി എന്ന വിമർശനവും ഉയരുന്നുണ്ട്. കോവിഡ് പശ്ചാത്തലം കൂടി കണക്കിലെടുത്ത് സർക്കാർ അടിയന്തര പ്രാധാന്യം നൽകി ജില്ലയിലെ ആരോഗ്യ മേഖലയിലെ പിന്നാക്കാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

ജില്ലാ ആസ്ഥാനമായ മലപ്പുറത്ത് ജനറൽ ആശുപത്രി ആരംഭിക്കുന്നതിനുള്ള നടപടി വേണമെന്ന് നിയമസഭയിൽ ഉന്നയിച്ചതിന് പുറമേ, ആരോഗ്യ വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് സംസാരിച്ചെന്നും പി ഉബൈദുള്ള എംഎൽഎ പറഞ്ഞു. നിലവിലുള്ള താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയായി ഉയർത്തുന്നതിന് പകരം മറ്റൊരു സ്ഥലത്ത് ജനറൽ ആശുപത്രി സ്ഥാപിക്കാനുള്ള സ്ഥലമുൾപ്പെടെ കണ്ടെത്തി നൽകുമെന്നും എംഎൽഎ വ്യക്തമാക്കി.

Similar Posts