പ്രാദേശിക, ചെറുകിട ഉൽപന്നങ്ങൾക്ക് സംസ്ഥാനത്ത് ജിഎസ്ടി ഈടാക്കില്ല; വിശദീകരണവുമായി സർക്കാർ
|40 ലക്ഷത്തിൽ താഴെ വിറ്റുവരവുള്ള രജിസ്‌ടേഷൻ ആവശ്യമില്ലാത്ത കച്ചവടക്കാർ പ്രാദേശികമായി പാക്ക് ചെയ്ത് വിൽക്കുന്ന നിത്യോപയോഗ സാധനങ്ങൾക്ക് ജിഎസ്ടി ബാധകമല്ല
തിരുവനന്തപുരം: ഭക്ഷ്യ സാധനങ്ങൾക്ക് അഞ്ച് ശതമാനം ജിഎസ്ടി ഈടാക്കുന്നതിൽ വ്യക്തത വരുത്തി സംസ്ഥാന സർക്കാർ. പ്രാദേശികമായി പാക്ക് ചെയ്യുന്ന, ചെറുകിട കച്ചവടക്കാർ വിൽക്കുന്ന ഉൽപന്നങ്ങൾക്ക് സംസ്ഥാനത്ത് ജിഎസ്ടി ഈടാക്കില്ലെന്നും കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ നിയമ പ്രശ്‌നങ്ങൾ ഉന്നയിച്ചാൽ പിന്നീട് പരിഹരിക്കാമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കി.
40 ലക്ഷത്തിൽ താഴെ വിറ്റുവരവുള്ള രജിസ്‌ടേഷൻ ആവശ്യമില്ലാത്ത കച്ചവടക്കാർ പ്രാദേശികമായി പാക്ക് ചെയ്ത് വിൽക്കുന്ന നിത്യോപയോഗ സാധനങ്ങൾക്ക് ജിഎസ്ടി ബാധകമല്ല. ഒന്നരകോടിയിൽ താഴെ ടേൺ ഓവർ ഉള്ള ചെറുകിട കച്ചവടക്കാരും ജിഎസ്ടി ഈടാക്കേണ്ടതില്ല. വൻ കിട സ്ഥാപനങ്ങളിൽ ചില്ലറയായി വിൽക്കുന്ന ബ്രാൻഡഡല്ലാത്ത ഭക്ഷ്യ വസ്തുക്കൾക്കും ജിഎസ്ടി ഈടാക്കാനാവില്ല. അതേ സമയം 25 കിലോ വരെയുള്ള ബ്രാൻഡഡ് ഉൽപന്നങ്ങളുടെ പാക്കറ്റിന് ജിഎസ്ടി ഈടാക്കും. അല്ലാതെ മുഴുവൻ ഭക്ഷ്യ വസ്തുക്കൾക്കും 5 ശതമാനം ജിഎസ്ടി ഒഴിവാക്കില്ല -ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.
സപ്ലൈകോ, ത്രിവേണി സൂപ്പർ മാർക്കറ്റുകളിലും ബ്രാൻഡഡ് അല്ലാതെ പാക്ക് ചെയ്തു വിൽക്കുന്നവയ്ക്ക് ജിഎസ്ടി ഈടാക്കില്ലെന്നും അദ്ദേഹം അറിയിച്ചു. അളവു തൂക്ക നിയന്ത്രണ നിയമം ബാധകമാണെന്ന് കേന്ദ്ര വിജ്ഞാപനത്തിൽ പറയുന്നുണ്ട്. എന്നാലും ചെറുകിട കച്ചവടക്കാർ പ്രാദേശികമായി പാക്കറ്റുകളിലാക്കി വിൽക്കുന്നതിനെ ആ പേര് പറഞ്ഞ് വകുപ്പ് ബുദ്ധിമുട്ടിക്കില്ല. കേന്ദ്ര വിജ്ഞാപനത്തിൽ ആശയകുഴപ്പം തുടരുകയാണെന്നും ധനമന്ത്രി വ്യക്തമാക്കി. കേന്ദ്ര വിജ്ഞാപനത്തിന് ചുവട് പിടിച്ച് സംസ്ഥാനം പുറത്തിറക്കിയ വിജ്ഞാപനത്തിൽ മാറ്റം വരുത്താൻ കഴിയുമോയെന്ന കാര്യത്തിൽ നിയമ പരിശോധന നടത്താനാണ് സർക്കാർ തീരുമാനം.
No GST levied on local, small scale products in state: Kerala Govt