കൊയ്ത്തു യന്ത്രങ്ങളില്ല; കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും കൊയ്ത്ത് പ്രതിസന്ധിയിൽ
|ഭൂരിഭാഗം പാടങ്ങളിലും കൃഷി നശിച്ചു തുടങ്ങി. മഴ ശക്തമായാൽ കർഷകർക്ക് കനത്ത നഷ്ടമുണ്ടാകും
നെല്ലുകൊയ്ത്തു യന്ത്രങ്ങളുടെ അപര്യാപ്തത മൂലം കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും കൊയ്ത്ത് പ്രതിസന്ധിയിൽ. വിളവ് നശിക്കുമോയെന്നാണ് കർഷകരുടെ ആശങ്ക. കൊയ്ത്തുയന്ത്രങ്ങൾക്കായി തമിഴ്‌നാടിനെ ആശ്രയിക്കുമ്പോഴും സർക്കാരിനു കീഴിലുള്ള യന്ത്രങ്ങൾ തുരുമ്പെടുത്ത് നശിക്കുകയാണ്.
110 ദിവസങ്ങൾക്കുള്ളിൽ കൊയ്തെടുക്കേണ്ട ചമ്പക്കുളത്തെ ഈ പാടശേഖരത്തെ കൊയ്ത്ത് നടന്നത് 123-ാം ദിവസമാണ്. യന്ത്രങ്ങളുടെ കുറവു മൂലം ചമ്പക്കുളത്ത് മാത്രം 13 പാടശേഖരങ്ങളിൽ കൊയ്ത്ത് തുടങ്ങിയിട്ടേയില്ല. കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും സ്ഥിതി സമാനമാണ്. ഭൂരിഭാഗം പാടങ്ങളിലും കൃഷി നശിച്ചു തുടങ്ങി. മഴ ശക്തമായാൽ കർഷകർക്ക് കനത്ത നഷ്ടമുണ്ടാകും.
കൊയ്ത്തുകാലമാകുമ്പോൾ തമിഴ്‌നാട്ടിൽ നിന്നും യന്ത്രങ്ങൾ കൊണ്ടുവരുന്ന ഇടനിലക്കാരും ജില്ലാ ഭരണകൂടവും തമ്മിൽ ധാരണയുണ്ടാക്കേണ്ടതാണ്. എന്നാൽ ഇത്തവണ ഇതുണ്ടാകാത്തതാണ് പ്രശ്‌നമെന്ന് കർഷകർ പറയുന്നു. കുട്ടനാട് പാക്കേജിനു കീഴിൽ വാങ്ങിയ യന്ത്രങ്ങളും, ജില്ലാ പഞ്ചായത്തിന്‍റെ യന്ത്രങ്ങളും ഉണ്ടെങ്കിലും ഉപയോഗിക്കാനാകില്ല. ഇവ നശിക്കാൻ കാരണം ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നാണ് കർഷകരുടെ ആരോപണം.