Kerala
നിയമ വിരുദ്ധമായ ഒരു തെറ്റും ചെയ്തിട്ടില്ല, പെരുമ്പാവൂരിലെ വോട്ടർമാർ പറയുന്നത് അനുസരിക്കും; വിശദീകരണവുമായി എൽദോസ് കുന്നപ്പിള്ളി
Kerala

'നിയമ വിരുദ്ധമായ ഒരു തെറ്റും ചെയ്തിട്ടില്ല, പെരുമ്പാവൂരിലെ വോട്ടർമാർ പറയുന്നത് അനുസരിക്കും'; വിശദീകരണവുമായി എൽദോസ് കുന്നപ്പിള്ളി

ijas
|
13 Oct 2022 2:04 AM GMT

രാത്രി മൂന്ന് മണിക്കാണ് എൽദോസ് കുന്നപ്പിള്ളി ഫേസ്ബുക്കില്‍ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നത്

കൊച്ചി: പീഡന പരാതിയില്‍ വിശദീകരണവുമായി പെരുമ്പാവൂര്‍ എം.എല്‍.എ എൽദോസ് കുന്നപ്പിള്ളി. നിയമവിരുദ്ധമായ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പെരുമ്പാവൂരിലെ വോട്ടര്‍മാര്‍ പറയുന്നത് അനുസരിക്കുമെന്നും എൽദോസ് കുന്നപ്പിള്ളി എം.എല്‍.എ പറഞ്ഞു. ക്രിമിനലുകൾക്ക് ജെൻഡർ വ്യത്യാസമില്ലെന്നും അധികാരം അവസാന വാക്കല്ലെന്നും എൽദോസ് കുറിച്ചു.ഒരു പാട് പേർ ജനിച്ചു മരിച്ച ഈ മണ്ണിൽ ഞാൻ തളരാതെ മരിക്കുവോളം സത്യസന്ധമായി ജീവിക്കുകയും മുന്നേറുകയും ചെയ്യും. പിന്തുണച്ചവർക്കും പിന്തുണ പിൻവലിച്ചവർക്കും സർവോപരി സർവ്വ ശക്തനും നന്ദിയെന്നും കുറിച്ചാണ് എല്‍ദോസ് കുന്നപ്പിള്ളി കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിലാണ് എൽദോസ് കുന്നപ്പിള്ളി വിശദീകരണം അറിയിച്ചത്. രാത്രി മൂന്ന് മണിക്കാണ് എൽദോസ് കുന്നപ്പിള്ളി ഫേസ്ബുക്കില്‍ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. പീഡനക്കേസില്‍ പൊലീസ് കേസെടുത്തതോടെ എൽദോസ് കുന്നപ്പിള്ളി എം.എല്‍.എ ഒളിവിലാണ്. ഇന്നലെ ആരോപണം ഉന്നയിച്ച യുവതി വാര്‍ത്താസമ്മേളനം നടത്തിയതും എൽദോസ് കുന്നപ്പിള്ളിക്ക് തിരിച്ചടിയായി. കോവളം എസ്.എച്ച്.ഒ പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചതായി യുവതി ആരോപിച്ചിരുന്നു. യുവതിയുടെ പരാതിയില്‍ കോവളം സി.ഐക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചു. സ്റ്റേഷന്‍ എസ്.എച്ച്.ഒ ജി പ്രൈജുവിനെ ആലപ്പുഴ പട്ടണക്കാട് സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്

എൽദോസ് കുന്നപ്പിള്ളിയുടെ ഫേസ്ബുക്ക് കുറിപ്പ്:

നിയമ വിരുദ്ധമായ ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല. പെരുമ്പാവൂരിലെ വോട്ടർമാർ പറയുന്നത് ഞാൻ അനുസരിക്കും. ക്രിമിനലുകൾക്ക് ജെൻഡർ വ്യത്യാസമില്ല എന്ന് മനസിലാക്കു. അധികാരം എനിക്ക് അവസാന വാക്കൊന്നുമല്ല.. ഞാൻ വിശ്വസിക്കുന്ന ദൈവം മാത്രം തുണ. തട്ടിപ്പ് വശമില്ല. സത്യസന്ധമായി സത്യസന്ധർ മാത്രം പ്രതികരിക്കു. ഇത്ര വരെ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. ഒരു പാട് പേർ ജനിച്ചു മരിച്ച ഈ മണ്ണിൽ ഞാൻ തളരാതെ മരിക്കുവോളം സത്യസന്ധമായി ജീവിക്കുകയും മുന്നേറുകയും ചെയ്യും. പിന്തുണച്ചവർക്കും പിന്തുണ പിൻവലിച്ചവർക്കും സർവ്വോപരി സർവ്വ ശക്തനും നന്ദി.

Similar Posts