'മകനെ കുറിച്ച് ഒരു വർഷമായി വിവരമില്ല; സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു': അവയവ കച്ചവടത്തിന് ഇരയായ ഷമീറിന്റെ പിതാവ്
|ഷമീർ നേരത്തെയും അവയവദാനത്തിന് ശ്രമിച്ചിരുന്നു എന്ന് കൗൺസിലർ മൻസൂർ മണലാഞ്ചേരി പറഞ്ഞു.
പാലക്കാട്: മകനെ കുറിച്ച് ഒരു വർഷമായി വിവരമില്ലെന്ന് അവയവ കച്ചവടത്തിനായി പാലക്കാട് തിരുനെല്ലായിയിൽ നിന്ന് കൊണ്ടുപോയെന്ന് സാബിത് പറയുന്ന ഷമീറിന്റെ പിതാവ് ബഷീർ. ഷമീർ എവിടെയെന്ന് അറിയില്ല. നാട്ടിൽ നിന്ന് പോയിട്ട് ഒരു കൊല്ലമായി. ഷമീറിന് ചില സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു.
ഒരു വർഷമായി കുടുംബവുമായി ബന്ധപ്പെടുന്നില്ലെന്നും ഇറാനിലെത്തിയെന്ന് പൊലീസുകാരൊക്കെ പറയുമ്പോഴാണ് അറിയുന്നതെന്നും പിതാവ് പറഞ്ഞു. അവയവദാനവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയില്ലെന്നും ബഷീർ മീഡിയവണിനോട് പറഞ്ഞു.
അതേസമയം, ഷമീർ നേരത്തെയും അവയവദാനത്തിന് ശ്രമിച്ചിരുന്നു എന്ന് കൗൺസിലർ മൻസൂർ മണലാഞ്ചേരി പറഞ്ഞു. നെടുമ്പാശ്ശേരി പൊലീസ് ഇന്നലെ ഇവിടെയെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു എന്നും കൗൺസിലർ മൻസൂർ മീഡിയവണിനോട് പറഞ്ഞു.
അവയവ കച്ചവട കേസിൽ പ്രതി സാബിത് ഇന്നലെ പിടിയിലായതിന് പിന്നാലെ നെടുമ്പാശേരി പൊലീസ് പാലക്കാടെത്തി അന്വേഷണം നടത്തിയിരുന്നു. ഇന്ന് പ്രതി കുറ്റം സമ്മതിച്ചതിനു പിന്നാലെയാണ് തിരുനെല്ലായി സ്വദേശി ഷമീറാണ് അവയവക്കച്ചവടത്തിന് ഇരയായതെന്ന വിവരം പൊലീസ് പുറത്തുവിട്ടത്. ഈ സാഹചര്യത്തിലാണ് പിതാവിന്റെയും കൗൺസിലറുടേയും പ്രതികരണം.
20 പേരെ ഇറാനിലേക്ക് കടത്തിയിട്ടുണ്ടെന്ന് സാബിത്ത് പറഞ്ഞതായി പൊലീസ് പറയുന്നു. ഇരകളിൽ 19 പേർ ഉത്തരേന്ത്യക്കാരും ഒരാൾ പാലക്കാട് തിരുനെല്ലായി സ്വദേശി ഷമീറുമാണ്. ഷമീറിനെ അവയവം നൽകാനായി ഇറാനിലെത്തിച്ചു. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ കടത്തിനായി ഇറാനിലെത്തിച്ചുവെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.
ഹൈദരാബാദ്, ബെംഗളൂരു നഗരങ്ങളിലെ യുവാക്കളെയാണ് ഇറാനിലേക്ക് അവയവ കൈമാറ്റത്തിനായി കടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ഷമീറിനെ അവയവം നൽകാനായി ഇറാനിലെത്തിച്ചു. ഇയാളെ തേടി അന്വേഷണസംഘം പാലക്കാടെത്തിയപ്പോൾ പാസ്‌പോർട്ടുമായി ഇയാൾ ഒരു വർഷം മുമ്പ് നാട് വിട്ടെന്ന് നാട്ടുകാരിൽ നിന്ന് വിവരം കിട്ടി. ഷമീർ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും മൊഴി ലഭിച്ചു.
അവയവ കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തുന്ന റാക്കറ്റ് പ്രവർത്തിക്കുന്നുവെന്നതിൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ വിവരശേഖരണം നടത്തിയിരുന്നു. തുടർന്ന് ഐ.ബി കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇറാനിൽ നിന്നും എത്തിയ പ്രതി സാബിത്തിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവച്ചത്. നെടുമ്പാശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രതിയുടെ നിർണായക മൊഴികൾ ലഭിച്ചത്.
Read Alsoഅവയവ തട്ടിപ്പ് കേസ്: ഇരയായവരിൽ പാലക്കാട് സ്വദേശിയും, 19 പേർ ഉത്തരേന്ത്യക്കാര്‍
Read Also'അവയവ കച്ചവടത്തിന് 20 പേരെ ഇറാനിൽ എത്തിച്ചു, കൂടുതലും ഉത്തരേന്ത്യക്കാർ'; മുഖ്യപ്രതിയുടെ മൊഴി
Read Alsoഅവയവ മാഫിയാ സംഘത്തിലെ പ്രധാനി പിടിയിൽ