എങ്ങനെ വേട്ടയാടിയാലും പിണറായിക്കും കുടുംബത്തിനുമെതിരെ ഒരു വിധിയും ഉണ്ടാക്കാനാവില്ല: എ.കെ ബാലൻ
|ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയം ആറംഗ സംഘത്തെ വീണ്ടും അന്വേഷണത്തിന് നിയോഗിച്ചത് തന്നെ ഗൂഢാലോചനയുടെ ഗൂഢാലോചനയുടെ ഭാഗമാണെന്നും എ.കെ ബാലൻ പറഞ്ഞു.
പാലക്കാട്: മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക്കിനെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണം മുഖ്യമന്ത്രിയേയും കുടുംബത്തേയും അവഹേളിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ. ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയം ആറംഗ സംഘത്തെ വീണ്ടും അന്വേഷണത്തിന് നിയോഗിച്ചത് തന്നെ ഗൂഢാലോചനയുടെ തെളിവാണ്. ഒരു വ്യക്തിയേയും കുടുംബത്തേയും അവഹേളിക്കാനുള്ള ആസൂത്രിത നീക്കമാണിത്. പൊതുസമൂഹത്തിന് കുറച്ചുദിവസങ്ങൾക്കകം അതിൽ വ്യക്തത വരുമെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ അഴിമതിയാരോപിച്ച് വിജിലൻസ് കോടതിയിൽ ഒരു പരാതിയെത്തി. അത് കോടതി തള്ളി. അതിനെതിരായ ഒരു റിവിഷൻ പെറ്റീഷൻ ഹൈക്കോടതിയിലുണ്ട്. മുഖ്യമന്ത്രിക്കോ മുഖ്യമന്ത്രിയുടെ മകൾക്കോ എതിരെ ഒരു നോട്ടീസ് പോലും ഹൈക്കോടതി ഇതുവരെ അയച്ചിട്ടില്ല. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് അന്വേഷിക്കേണ്ടതില്ലെന്ന് ഹൈക്കോടതി പറഞ്ഞ സാഹചര്യത്തിൽ എന്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജൻസി ആറംഗ കമ്മിഷനെ നിയോഗിച്ചതെന്ന് അദ്ദേഹം ചോദിച്ചു. എങ്ങനെ വേട്ടയാടിയാലും പിണറായിക്കും കുടുംബത്തിനും എതിരെ പ്രതികൂലമായ വിധിയുണ്ടാക്കാൻ ആർക്കും കഴിയില്ലെന്നും എ.കെ ബാലൻ പറഞ്ഞു.