ജയരാജൻമാരുടെ പോരിൽ പരസ്യ പ്രതികരണം ഒഴിവാക്കാൻ സംസ്ഥാന നേതൃത്വത്തിൽ ധാരണ
|എല്ലാം മാധ്യമസൃഷ്ടി എന്നു പറഞ്ഞ് വിഷയത്തെ ലഘൂകരിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ശ്രമിച്ചത്
തിരുവനന്തപുരം: ജയരാജൻമാരുടെ പോരിൽ തത്കാലത്തേക്ക് സിപിഎമ്മിൽ പരസ്യപ്രതികരണങ്ങൾ ഉണ്ടാകില്ല. നേതാക്കൾ തമ്മിലുള്ള വിഴുപ്പലക്കൽ പാർട്ടിയെ പ്രതിസന്ധിയിലാക്കി എന്ന തിരിച്ചറിവിലാണ് നേതൃത്വത്തിന്റെ ഇടപെടൽ. അതുകൊണ്ടാണ് എല്ലാം മാധ്യമസൃഷ്ടി എന്നു പറഞ്ഞ് വിഷയത്തെ ലഘൂകരിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ശ്രമിച്ചത്. ഇന്നത്തെ പൊളിറ്റ് ബ്യൂറോ യോഗത്തിൽ ഈ വിഷയം ചർച്ചയായേക്കും.
പതിവുപോലെ മാധ്യമങ്ങളെ പഴിചാരി ഇ.പി-പി.ജെ പോരിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സി.പി.എം ശ്രമം. പി.ജയരാജന്റെ ആരോപണം സംസ്ഥാന സെക്രട്ടറിയുടെ അറിവോടെയായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. മാധ്യമങ്ങളിലൂടെ പുറത്തുവന്നതും പാർട്ടിയെ പ്രതിരോധത്തിൽ ആക്കും.ഇതെല്ലം വിവാദമായി വളർന്നതും നേതൃത്വത്തെ അസ്വസ്ഥരാക്കി.
ഇ.പി ജയരാജൻ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന് ആരോപണം പാർട്ടി നേതൃത്വത്തെയാകെ സംശയ നിഴലിലാക്കുമെന്ന ആശങ്കയുണ്ടായി. പി. ജയരാജനെതിരെ ഇ.പി അനുകൂലികൾ പ്രചരിപ്പിച്ച ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധവും തിരിഞ്ഞു കൊത്തിയത് സി.പി.എമ്മിനെ തന്നെയാണ്. പ്രതിപക്ഷം കാലങ്ങളായി അക്രമ രാഷ്ട്രീയത്തിന്റെ മറുവാക്കായി ഉയർത്തിക്കാട്ടുന്നത് പി.ജയരാജനെയാണ് . സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയം വീണ്ടും ചർച്ചകളിൽ നിറയുന്നത് നേതൃത്വത്തിന് അംഗീകരിക്കാൻ കഴിയാത്ത വിഷയമായി മാറി. അതുകൊണ്ട് കൂടിയാണ് ജയരാജന്റെ ആരോപണങ്ങൾ മാധ്യമസൃഷ്ടി എന്ന് പറഞ്ഞ് വിവാദം തണുപ്പിക്കാൻ ശ്രമിച്ചത്.
പാർട്ടി സെക്രട്ടറി തന്നെ ആരോപണം തള്ളിക്കളഞ്ഞ സാഹചര്യത്തിൽ ഇ.പി ജയരാജനും കടുത്ത നീക്കങ്ങൾ നടത്താൻ ഇടയില്ല. പി.ജയരാജനും പരസ്യ പ്രതികരണങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയാണ്. പോളിറ്റ് ബ്യൂറോയും സംസ്ഥാന സെക്രട്ടേറിയറ്റും ഏതു രീതിയിൽ വിഷയം കൈകാര്യം ചെയ്യുമെന്നതാണ് നിർണായകം. തെറ്റുതിരുത്തൽ രേഖ ചർച്ച ചെയ്യുന്ന അവസരത്തിൽ നേതാക്കൾക്കെതിരെയുള്ള ആരോപണങ്ങളിലും വ്യക്തമായ നിലപാട് പാർട്ടിക്ക് സ്വീകരിക്കേണ്ടിവരും. അത് എങ്ങനെയാകും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.