Kerala
മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് ഇനി പരോളില്ല;  ജയിൽചട്ടങ്ങളിൽ ഭേദഗതി
Kerala

മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് ഇനി പരോളില്ല; ജയിൽചട്ടങ്ങളിൽ ഭേദഗതി

Web Desk
|
27 July 2023 1:33 AM GMT

പുതിയ ഉത്തരവ് പ്രകാരം ലഹരി കേസിൽ ശിക്ഷ അനുഭവിക്കുന്നവർ ശിക്ഷാകാലയളവിൽ പൂർണമായും ജയിലിൽ തന്നെ തുടരേണ്ടിവരും.

തിരുവനന്തപുരം: മയക്കുമരുന്ന് കേസിലെ പ്രതികൾക്കുള്ള അടിയന്തര പരോൾ ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങളും റദ്ദാക്കും. ജയിൽചട്ടങ്ങളിൽ ഭേദഗതി വരുത്തിയാണ് ആഭ്യന്തര വകുപ്പിൻ്റെ പുതിയ ഉത്തരവ്. സംസ്ഥാനത്ത് കുട്ടികളിലും മുതിർന്നവരിലും അടക്കം മയക്കുമരുന്ന് ഉപയോഗവും വിതരണവും വൻ തോതിൽ വർധിച്ചതിന്റെ പശ്ചാത്തലത്തിലാണ് സർക്കാറിന്റെ പുതിയ നീക്കം.

മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് ശിക്ഷ അനുഭവിക്കുന്നവർക്ക് സാധാരണ അവധി, അടിയന്തര അവധി എന്നിവ അനുവദിക്കുന്നത് ശിക്ഷിക്കപ്പെട്ടവർ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിനും കുറ്റകൃത്യത്തിന്റെ ഗൗരവം ലഘൂകരിക്കുന്നതിനും കേസുകൾ വർധിക്കുന്നതിനും വരുംതലമുറയെ ദോഷമായി ബാധിക്കുന്നതിനും കാരണമാകുമെന്നാണ് സർക്കാർ കണ്ടെത്തൽ. അതിനാലാണ് ഇത്തരം തടവുകാരെ ശിക്ഷാ കാലയളവ് അവസാനിക്കും വരെ സമൂഹത്തിൽ നിന്നും മാറ്റി നിർത്തുന്നതിനായി സാധാരണ അവധി, അടിയന്തര എന്നിവ നിർത്തലാക്കുന്നതിന് സർക്കാർ തീരുമാനിച്ചത്. ഇതിനായി 2014-ലെ കേരളാ പ്രിസണ്‍സ് & കറക്ഷണല്‍ സര്‍വീസസ് (മാനേജ്‌മെന്റ്) ചട്ടമാണ് സർക്കാർ ഭേദഗതി ചെയ്തത്.

നേരത്തെ മറ്റു തടവുകാർക്കുള്ളതുപോലെ ലഹരി കേസ് പ്രതികൾക്കും പരോളിന് അർഹതയുണ്ടായിരുന്നു. സാധാരണ അവധി, അസാധാരണ അവധി എന്നിങ്ങനെ പരോൾ അനുവദിച്ചു കിട്ടുമായിരുന്നു. പരോളിലിറങ്ങുന്ന തടവുകാർ കുറ്റകൃത്യം ആവർത്തിക്കുന്നതായി സർക്കാർ നിരീക്ഷിച്ചു. അതിനാലാണ് ശക്തമായ നടപടിയിലേക്ക് സർക്കാർ കടന്നത്. പുതിയ ഉത്തരവ് പ്രകാരം ലഹരി കേസിൽ ശിക്ഷ അനുഭവിക്കുന്നവർ ശിക്ഷാകാലയളവിൽ പൂർണമായും ജയിലിൽ തന്നെ തുടരേണ്ടിവരും.


Similar Posts