മൂന്നാര്‍ ഹൈഡല്‍ പാര്‍ക്ക് നിർമാണത്തിന് സർക്കാർ അനുമതിയില്ല
|നിർമാണ പ്രവർത്തനങ്ങൾക്ക് എൻ.ഒ. സി നൽകില്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു
മൂന്നാര്‍: മൂന്നാർ ഹൈഡൽ ടൂറിസം പദ്ധതിക്ക് സർക്കാർ നിര്‍മ്മാണാനുമതി നിഷേധിച്ചു. നിർമാണ നിയന്ത്രണങ്ങൾ നിലനിൽക്കെ എൻ.ഒ.സി നൽകാനാവില്ലെന്ന് ചൂണ്ടിക്കാട്ടി അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എ.ജയ്തിലക് ഐ.എ.എസ് ആണ് ഉത്തരവിറക്കിയത്. സി.പി.എം നിയന്ത്രണത്തിലുള്ള ബാങ്കിന്റെ അപേക്ഷയാണ് തള്ളിയത്.
നിർമാണ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാലും മുതിരപ്പുഴയാറിനോട് ചേർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ലെന്ന കോടതി വിധികളുടെയും പശ്ചാത്തലത്തിലാണ് അനുമതി നിഷേധിച്ച് സർക്കാർ ഉത്തരവിറക്കിയത്. ഹൈഡൽ ടൂറിസം പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷത്തിനാലായിരത്തി അറുന്നൂറ്റിപ്പത്ത് ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമുൾപ്പെടെ നിർമിക്കാനായിരുന്നു ബാങ്ക് അപേക്ഷ നൽകിയത്. എന്നാൽ അടിയന്തര പ്രാധാന്യമുള്ള പദ്ധതിയല്ലെന്നും നിയന്ത്രണങ്ങൾ നിലനിൽക്കുന്ന മേഖലയിൽ ഇത്രയും വലിയ കെട്ടിടങ്ങൾ അനിവാര്യമല്ലെന്നുമാണ് സർക്കാർ നിലപാട്. ഇതോടെ കോൺഗ്രസ് ആരോപണത്തിന് മൂർച്ച കൂട്ടി. അനധികൃത നിർമാണം നടക്കുന്നതായി കാട്ടി അഞ്ച് മാസം മുമ്പ് കോൺഗ്രസ് നേതാവ് രാജാറാമാണ് ഹൈക്കോടതിയെ സമീപിച്ചത്. സർക്കാർ നിലപാട് വ്യക്തമായതോടെ വിവാദമായ പാട്ടക്കരാർ റദ്ദാകാനാണ് സാധ്യത.