പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂവ് വേണ്ട; ഉത്തരവുമായി ദേവസ്വം ബോർഡുകൾ
|തിരുവിതാംകൂർ, മലബാർ ദേവസ്വം ബോർഡുകൾക്ക് കീഴിലെ ക്ഷേത്രങ്ങളിലാണ് അരളി ഉപയോഗിക്കുന്നത് ഒഴിവാക്കിയത്
തിരുവനന്തപുരം: തിരുവിതാംകൂർ, മലബാർ ദേവസ്വം ബോർഡുകൾക്ക് കീഴിലെ ക്ഷേത്രങ്ങളിൽ അരളിപ്പൂവ് ഉപയോഗിക്കുന്നത് ഒഴിവാക്കി. അർച്ചന പ്രസാദം, നിവേദ്യം എന്നിവയിൽ നിന്നാണ് പൂർണമായി ഒഴിവാക്കിയത്.
മുല്ല, തുളസി, തെച്ചി, ജമന്തി, കൂവളം എന്നിവ പരമാവധി പൂജക്ക് ഉപയോഗിക്കണം. ഈ പൂക്കളുടെ വില കൂടുതലായതിനാൽ പൂജയിൽ നിന്ന് അരളിയെ ഒഴിവാക്കിയില്ല. സ്ഥല സൗകര്യമുള്ള ക്ഷേത്രങ്ങളിൽ പൂന്തോട്ടം സ്ഥാപിക്കാനും ദേവസ്വം ബോർഡ് ആലോചിക്കുന്നുണ്ട്. പൂജക്ക് അരളി ഉപയോഗിക്കുന്നതിൽ തടസ്സമില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു.
ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രൻ മരിച്ചത് അരളിപ്പൂവിന്റെ ഇതളുകൾ ഉള്ളിൽ ചെന്നതുമൂലമാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇതിൽ രാസപരിശോധനാ ഫലം വന്നതിനു ശേഷം അരളി നിരോധിക്കുന്നതിൽ തീരുമാനം എടുക്കാമെന്നാണ് ദേവസ്വം ബോർഡ് നിശ്ചയിച്ചിരുന്നത്. അരളി ഉപയോഗിക്കുന്നതിനെതിരെ ഭക്തരിൽ നിന്ന് നിരവധി പരാതി ലഭിച്ച സാഹചര്യത്തിലാണ് ബോർഡ് യോഗം ചേർന്ന് അരളി ഒഴിവാക്കാൻ തീരുമാനിച്ചത്.
മലബാർ ദേവസ്വം ബോർഡും അരളിപ്പൂവ് ഉപയോഗിക്കുന്നത് ഒഴിവാക്കി. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ഒരാവശ്യത്തിനും അരളിപ്പൂവ് ഉപയോഗിക്കില്ല. ഉത്തരവ് നാളെത്തന്നെ പുറത്തിറക്കാൻ ദേവസ്വം കമ്മീഷണർക്ക് മലബാർ ദേവസ്വം ബോർഡ് നിർദേശം നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം ഉചിതമാണെന്നാണ് മലബാർ ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ.