കൊക്കയാറില്‍ ആരെയും കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് പ്രതിപക്ഷ നേതാവ്
|ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട പ്രദേശത്തേക്ക് ഏറെ വൈകിയാണ് രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനായത്
എട്ടുപേരെ കാണാതായ ഇടുക്കി കൊക്കയാറിൽ ഇതുവരെ ആരെയും കണ്ടെത്താനായില്ല. ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട പ്രദേശത്തേക്ക് ഏറെ വൈകിയാണ് രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനായത്.
അമീ സിയാദ്(10), അംന സിയാദ്(7) അഫ്സാര ഫൈസൽ(8) അഫിയാൻ ഫൈസൽ(4), സച്ചു ഷാഹുൽ (7), ഫൗസിയ സിയാദ്(28), ഷാജി ചിറയിൽ(55) ആൻസി സാബു(50) എന്നിവരെയാണ് കൊക്കയാറിൽ കാണാതായത്. അതേസമയം കൊക്കയാറിൽ രക്ഷാപ്രവർത്തനം വൈകിയെന്ന് പ്രതിപക്ഷ നോതവ് വിഡി സതീശൻ കുറ്റപ്പെടുത്തി. പഞ്ചായത്തംഗം നിരന്തരം ആവശ്യപ്പെട്ടിട്ടും ആരും തിരിഞ്ഞ് നോക്കിയില്ല, മലയോരമേഖലയിൽ ദുരന്തം പതിവാകുന്നുവെന്നും വി.ഡി സതീശൻ പറഞ്ഞു.
ശനിയാഴ്ച രാവിലെ മുതൽ മഴയുണ്ടായെങ്കിലും ഉച്ചയോടെ കാര്യങ്ങൾ മാറിമറഞ്ഞു. കൊക്കയാറിനു സമീപത്ത ഒരു മലഞ്ചെരിവ് ഒന്നാകെ ഉരുൾപൊട്ടി വീടുകൾക്ക് മുകളിലേക്ക് ഒഴുകിയെത്തുകയായിരുന്നു. സംഭവിക്കുന്നതെന്തെന്ന് തിരിച്ചറിയുന്നതിന് മുൻപ് തന്നെ അഞ്ച് വീടുകൾ ഒലിച്ചുപോയി.
രണ്ട് കുടുംബങ്ങളിലെ മുഴുവൻ പേരും അപകടത്തിൽപെട്ടു. എന്നാൽ വൈകുന്നരത്തോടെയാണ് പുറംലോകം ഇക്കാര്യമറിഞ്ഞത്. പ്രദേശത്തേക്കുള്ള റോഡുകൾ മുഴുവൻ തകർന്നത് രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായി. രണ്ട്കിലോമീറ്റർ അകലെ വാഹനങ്ങൾ നിർത്തേണ്ടിവന്ന രക്ഷാപ്രവർത്തകർ കാൽനടയായാണ് ദുരന്തസ്ഥലത്ത് എത്തിച്ചേർന്നത്.
മഴ രാത്രിയും തുടർന്നതോടെ രക്ഷാപ്രവർത്തനം നിർത്തിവെക്കേണ്ടിവന്നു. മണ്ണുമാന്തി യന്ത്രമടക്കമുള്ളവ എത്താൻ വൈകിയതോടെ രാവിലെയും തെരച്ചിൽ വൈകി. ഉരുൾപൊട്ടലിനെ തുടർന്ന് പാറക്കൂട്ടങ്ങൾ മലഞ്ചെരുവകളിൽ പലയിടത്തായി തങ്ങിനിൽക്കുന്നത് രക്ഷാപ്രവർത്തർക്ക് ഭീഷണിയാണ്.