"പുസ്തകത്തിന് ആർക്കും കരാർ കൊടുത്തിട്ടില്ല; എഴുതിത്തീർന്നിട്ടില്ല"; ആവർത്തിച്ച് ഇ.പി
|താൻ ഇതുവരെ പുസ്തകത്തിന്റെ കവർ പേജ് പോലും കണ്ടിട്ടില്ലെന്ന് പ്രതികരണം
പാലക്കാട്: തന്റെ ആത്മകഥ പൂർത്തിയായിലെന്നാവർത്തിച്ച് ഇ.പി ജയരാജൻ. താൻ എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകം താനാണ് പ്രസിദ്ധികരിക്കേണ്ടത്. ഭാഷാശുദ്ധി വരുത്താനായി ശ്രമിക്കുകയാണ്.
പല പ്രസാധകരും തന്നെ സമീപിച്ചിരുന്നു എന്നാൽ താൻ ആർക്കും കരാർ നൽകിയിട്ടില്ല. തന്റെ ബുക്കെന്ന് പറഞ്ഞിറങ്ങിയ ബുക്കിന്റെ കവർ പേജ് പോലും താൻ കണ്ടിട്ടില്ല. അത് ആമുഖവും പര്യാന്ത്യവും താൻ എഴുതിയിട്ടില്ല. താൻ ആരെയും ഒന്നും കൂലിക്കെഴുതിക്കില്ല.
താൻ എഴുതിയ ആത്മകഥ ഉടൻ പ്രസിദ്ധീകരിക്കും. അതിശക്തമായ ഗൂഢാലോചനകളാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് ദിവസം ഇത്തരം സംഭവങ്ങൾ നടക്കുന്നത് ആസൂത്രിതമാണ്.ജാവദേക്കർ തന്നെ അഞ്ച് മിനിറ്റ് കണ്ടത് പത്രക്കാർ വളച്ചൊടിച്ചു. ഇതും അതുപോലെ ആസൂത്രിതമായ സംഭവമാണ്.
ഇന്നലെ ടെലിവിഷനിലൂടെയാണ് വാർത്ത കാണുന്നത്. ഡി.സി ബുക്സിന്റെ ആളുമായി ഉടൻ ബന്ധപ്പെട്ടു. എന്നാൽ അതറിയില്ല എന്നായിരുന്നു മറുപടി. കോൺഗ്രസിന്റെ വൃത്തികെട്ട രാഷ്ട്രീയമാണ് കാണുന്നത്. കോൺഗ്രസ് കള്ളപ്പണവുമായി വോട്ട് വാങ്ങാൻ നടക്കുകയാണ്.
താൻ ആത്മകഥ പ്രസിദ്ധീകരിക്കും മുൻപ് പാർട്ടി അനുവാദം വാങ്ങിയിരിക്കും. നിലവിൽ ഡിസി ബുക്സിനെതിരെ വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. ക്രിമിനൽ പ്രൊസീജ്യർ അനുസരിച്ചാണ് അന്വേഷണം ആവശ്യപ്പെട്ടാണ് ഡിജിപിക്ക് പരാതി നൽകിയത്.എല്ലാ പുസ്തകങ്ങളും ചിന്തയ്ക്ക് മാത്രം കൊടുത്താൽ മതിയോ. ആരോടും പുസ്തകം പ്രസിദ്ധീകരിക്കണമെന്ന് പറഞ്ഞിട്ടില്ല. തൻ്റെ പുസ്തകത്തിന് തന്നെത്തന്നെ പരിഹസിക്കുന്ന പേര് കൊടുക്കില്ല.
നിയമനടപടിയുമായിത്തന്നെ മുന്നോട്ടുപോകുമെന്ന് പറഞ്ഞാണ് ഇ.പി തൻ്റെ വാർത്താസമ്മേളനം അവസാനിപ്പിച്ചത്.