'പൊതു ജനങ്ങളുടെ പണം കട്ട് ജീവിക്കാമെന്നാരും കരുതേണ്ട': വിമർശനവുമായി മുഖ്യമന്ത്രി
|സിവിൽ സർവീസിലുള്ള പുഴുക്കുത്തുകളായി മാത്രമേ ഇത്തരക്കാരെ സർക്കാർ കാണുകയുള്ളൂവെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: പൊതു ജനങ്ങളുടെ പണം കട്ട് ജീവിക്കാമെന്ന് ആരും കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചില ഉദ്യോഗസ്ഥർക്ക് വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് ലാഭമുണ്ടാക്കാമെന്ന ചിന്തയുണ്ടെന്നും കളങ്കമുണ്ടാക്കുന്ന വ്യക്തികളെ തുടർന്ന് ചുമക്കേണ്ട ബാധ്യത സർക്കാരിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
"വികസന പ്രവർത്തനവും ക്ഷേമപ്രവർത്തനവുമൊക്കെ നടക്കുമ്പോൾ അതിൽ നിന്ന് ലാഭമുണ്ടാക്കാം എന്ന ചിന്ത വളരെക്കുറച്ച് പേർക്കെങ്കിലും ഉണ്ടാകുന്നുണ്ട്. തന്റെ ഓഫീസിനും വകുപ്പിനും സംസ്ഥാനത്തിനാകെയും കളങ്കമുണ്ടാക്കുന്ന വ്യക്തിത്വങ്ങളെ തുടർന്ന് ചുമക്കേണ്ട ബാധ്യത സർക്കാരിനില്ല. പൊതുജനങ്ങളുടെ പണം കട്ടെടുത്തോ കൈക്കൂലി വാങ്ങിയോ സുഖമായി ജീവിക്കാമെന്നാരും കരുതരുത്. ഇങ്ങനെ ചെയ്യുന്നവരോട് സർക്കാരിന് ഒരു ദാക്ഷിണ്യവും ഉണ്ടാവില്ല. സിവിൽ സർവീസിലുള്ള പുഴുക്കുത്തുകളായി മാത്രമേ ഇത്തരക്കാരെ സർക്കാർ കാണുകയുള്ളൂ". മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് സർക്കാർ ജീവനക്കാർക്കുള്ള ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യവേയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ദുരിതാശ്വാസ നിധിയിലടക്കം തട്ടിപ്പ് നടത്തിയെന്ന വാർത്തകൾ പുറത്തു വരുന്നതിനിടെയാണ് ശക്തമായ മുന്നറിയിപ്പ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്. അഴിമതി നടത്തുന്ന സർക്കാർ ജീവനക്കാരുടെ കാപട്യം ആരും തിരിച്ചറിയില്ലെന്നത് വെറും തെറ്റിദ്ധാരണയാണെന്നും തെറ്റായ ഇടപെടലുണ്ടായാൽ നടപടിയെടുക്കുന്നതിന് ബുദ്ധിമുട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.