തരൂരിനെ ആരും ഒറ്റപ്പെടുത്തില്ല, അദ്ദേഹത്തിന് പരിപാടികൾ നടത്താൻ അനുമതി ഉണ്ട്: കെ. സുധാകരൻ
|ശശി തരൂരിന് പിന്തുണയുമായി കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതിയിൽ എ ഗ്രൂപ്പ് നേതാക്കള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് സുധാകരന്റെ പ്രതികരണം
തിരുവനന്തപുരം: ശശി തരൂരിനെ ആരും ഒറ്റപ്പെടുത്തില്ലെന്നും അദ്ദേഹത്തിന് പരിപാടികൾ നടത്താൻ അനുമതി ഉണ്ടെന്നും കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരൻ. പാർട്ടിയുടെ ചട്ടക്കൂടിന് അനുസരിച്ച് തരൂരും പ്രവർത്തിക്കുമെന്നും ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനെ അറിയിക്കാത്തതാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കിയതെന്നും സുധാകരൻ വ്യക്തമാക്കി. ശശി തരൂരിന് പിന്തുണയുമായി കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതിയിൽ എ ഗ്രൂപ്പ് നേതാക്കള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് സുധാകരന്റെ പ്രതികരണം.
ശശി തരൂരിന്റ പ്രവർത്തനങ്ങൾ പാർട്ടിക്ക് മുതൽക്കൂട്ടാണെന്നും അദ്ദേഹത്തെ ഉൾക്കൊണ്ട് വേണം പാർട്ടി മുന്നോട്ടു പോകാനെന്നും എ ഗ്രൂപ്പ് നേതാക്കൾ രാഷ്ട്രീയകാര്യസമിതിയിൽ പറഞ്ഞു. ശശി തരൂർ വിവാദത്തിൽ പുറത്ത് തന്ത്രപരമായ മൗനം പാലിച്ചിരുന്ന എ ഗ്രൂപ്പ് നേതാക്കൾ രാഷ്ട്രീയ കാര്യ സമിതിയിൽ എത്തുമ്പോഴേക്കും തരൂരിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയായിരുന്നു.
തരൂർ വിവാദത്തിൽ വഴിമാറി നടക്കുകയായിരുന്നു എ ഗ്രൂപ്പ് നേതാക്കൾ വിവാദം അനാവശ്യമായിരുന്നുവെന്നും വ്യക്തമാക്കി. തരൂരിന്റെ ജനപ്രീതി ഉപയോഗപ്പെടുണമെന്നും എ ഗ്രൂപ്പ് നേതാക്കൾ ആവശ്യപ്പെട്ടു. ഈ അഭിപ്രായത്തോട് കെ മുരളീധരൻ എംപി അനുകൂലമായാണ് പ്രതികരിച്ചത്. അതേസമയം കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതിയിൽ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രൂക്ഷ വിമർശനമാണ് നേരിട്ടത്.
ലീഗ് വിഷയത്തിൽ ഉന്നത നേതൃത്വം മറുപടി നൽകിയിട്ടുണ്ടെന്നും, ലീഗ് വർഗീയ പാർട്ടിയാണെന്ന് കോൺഗ്രസ് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കിയ സുധാകരൻ ഗോവിന്ദൻ മാഷ് പറഞ്ഞതാണോ പിണറായി വിജയൻ പറഞ്ഞതാണോ ശരിയെന്ന് ജനങ്ങൾ വിലയിരുത്തട്ടെയെന്നും കൂട്ടിച്ചേർത്തു.
വരും ദിവസങ്ങളിൽ പുനസംഘടന പൂർത്തിയാക്കുമെന്നും പുതിയ തലമുറയിലെ ചെറുപ്പക്കാരെ കൊണ്ടുവരുമെന്നും പറഞ്ഞ സുധാകരൻ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് നോമിനേഷനൊന്നും വന്നിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.