ലക്ഷദ്വീപിലെ ആദ്യ ന്യൂസ് പോര്‍ട്ടലായ ദ്വീപ് ഡയറിക്ക് കേന്ദ്രത്തിന്റെ വിലക്ക്
|ലക്ഷദ്വീപ് ഭരണകൂടത്തിനെതിരായ വാര്‍ത്തകള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
ലക്ഷദ്വീപിലെ ആദ്യ ന്യൂസ് പോര്‍ട്ടലായ ദ്വീപ് ഡയറിക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയമാണ് വിലക്കേര്‍പ്പെടുത്തിയത്. ലക്ഷദ്വീപ് ഭരണകൂടത്തിനെതിരായ വാര്‍ത്തകള്‍ക്കാണ് വിലക്ക്. ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘത്തിന്റേതാണ് പോര്‍ട്ടല്‍.
ഇതിനിടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടിക്കെതിരെ ട്വീറ്റ് ചെയ്ത കെഎസ്യു സംസ്ഥാന കമ്മറ്റിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു. ലക്ഷദ്വീപിലെ സമാധാന ജീവിതം തകര്‍ക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെയും അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിന്റേയും നടപടികള്‍ അവസാനിപ്പിക്കുക എന്നാണ് കെഎസ്യു ട്വീറ്റ് ചെയ്തത്. സംഭവത്തില്‍ കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത് ഫേസ് ബുക്കില്‍ പ്രതിഷേധം അറിയിച്ചു.
ലക്ഷദ്വീപില്‍ ഫാഷിസ്റ്റ് അജണ്ട നടപ്പാക്കാനുള്ള പുതിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നയങ്ങള്‍ക്കെതിരെ കേരളത്തിലും വ്യാപക പ്രതിഷേധമാണുയരുന്നത്. ബിജെപി അജണ്ട നടപ്പാക്കാന്‍ അനുവദിക്കില്ലെന്നാണ് ഇ ടി മുഹമ്മദ് ബഷീര്‍ എംപി ട്വിറ്ററില്‍ പ്രതികരിച്ചത്. പുതിയ നീക്കം തടയണമെന്നാവശ്യപ്പെട്ട് എളമരം കരിം എംപി രാഷ്ട്രപതിക്ക് കത്തയച്ചിട്ടുണ്ട്. വി ടി ബല്‍റാം അടക്കമുള്ളവരും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. കേന്ദ്ര ഭരണ പ്രദേശമായ ദ്വീപില്‍ ബിജെപി സർക്കാർ നിക്ഷിപ്ത താത്പര്യങ്ങളോട് കൂടിയ ഇടപെടലുകൾ നടത്തുന്നത് ആശങ്കാകരമാണ്. ലക്ഷദ്വീപിനെ മറ്റൊരു കശ്മീരാക്കാനാണോ സംഘ് പരിവാർ ശ്രമം എന്ന് സംശയിക്കേണ്ടതുണ്ടെന്ന് വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
സോളിഡാരിറ്റി, ഫ്രട്ടേണിറ്റി മൂവ്മെന്റ്, മുസ്ലിം ജമാഅത്ത് കൌണ്‍സില്‍, എസ്കെഎസ്എസ്എഫ്, വിസ്ഡം സംഘടനകളും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ലക്ഷദ്വീപിലെ വിദ്യാര്‍ഥികള്‍ നടത്തിയ ഓണ്‍ലൈന്‍ പ്രതിഷേധത്തിന് കേരളത്തില്‍ നിന്നും എസ്എഫ്ഐ പിന്തുണ പ്രഖ്യാപിച്ചു.
ജില്ലാ പഞ്ചായത്തിന്റെ അധികാര പരിധിയില്‍ വരുന്ന വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം തുടങ്ങിയവയൊക്കെ അഡ്മിനിസ്ട്രേറ്ററുടെ കീഴിലാക്കി ഏകാധിപത്യ ഭരണത്തിനാണ് ശ്രമമെന്നാണ് ലക്ഷദ്വീപുകാരുടെ പരാതി.