Kerala
No person can be given special treatment on account of religion: Kerala High Court
Kerala

മതത്തിന്റെ പേരിൽ ഒരു വ്യക്തിക്കും പ്രത്യേക പരിഗണന നൽകാൻ കഴിയില്ല: കേരള ഹൈക്കോടതി

Web Desk
|
31 May 2023 1:28 AM GMT

ആലുവ എടത്തലയിൽ സ്വകാര്യ വ്യക്തി വീടിന് മുകളിൽ ദുർമന്ത്രവാദം നടത്തുന്നുവെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ടാണ് ജസ്റ്റിസ് വിജി അരുണിന്‍റെ പരാമർശം

കൊച്ചി: മതത്തിന്റെ പേരിൽ ഒരു വ്യക്തിക്കും പ്രത്യേക പരിഗണന നൽകാൻ കഴിയില്ലെന്ന് കേരള ഹൈക്കോടതി. ആലുവ എടത്തലയിൽ സ്വകാര്യ വ്യക്തി വീടിന് മുകളിൽ ദുർമന്ത്രവാദം നടത്തുന്നുവെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ടാണ് ജസ്റ്റിസ് വിജി അരുണിന്‍റെ പരാമർശം. എടത്തല പൂക്കാട്ടുപടിയിൽ സ്വകാര്യവ്യക്തി ദുർമന്ത്രവാദം നടത്തി മൃഗങ്ങളെയും പക്ഷികളെയും ബലി അർപ്പിക്കുന്നുണ്ടെന്നും, മൃതദേഹാവശിഷ്ടങ്ങൾ വലിച്ചെറിഞ്ഞ് അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും കാണിച്ച് പ്രദേശവാസിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

പഞ്ചായത്തിന്റെ അനുമതി ഇല്ലാതെയാണ് കെട്ടിടത്തിൽ ആരാധനാലയം പ്രവർത്തിക്കുന്നതെന്ന് സർക്കാരും കോടതിയെ അറിയിച്ചു. എടത്തല പൊലീസിൽ പരാതി ലഭിച്ചതിന് ശേഷം സ്വകാര്യ വ്യക്തിയെ ചർച്ചക്ക് വിളിച്ചെങ്കിലും മതത്തിന്റെ പേരിൽ ആരാധനാലയം നടത്താൻ അവകാശമുണ്ടെന്നായിരുന്നു മറുപടി. എന്നാൽ ഭരണഘടനയുടെ 25 ആം അനുച്ഛേദം മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നുണ്ടെങ്കിലും അത് വ്യവസ്ഥകൾക്ക് വിധേയമാണെന്ന് കോടതി നിരീക്ഷിച്ചു.

പൂജയും ആചാരങ്ങളും മറ്റ് വ്യക്തികളുടെ സ്വാതന്ത്ര ജീവിതത്തിന് തടസം സൃഷ്ടിക്കുന്നുണ്ടെങ്കിൽ നിയമപരിരക്ഷ ലഭിക്കില്ല. മതത്തിന്റെ പേരിൽ ആർക്കും പ്രത്യേക പരിഗണന നൽകാൻ കഴിയില്ലെന്നും ജസ്റ്റിസ് വി.ജി അരുണിന്റെ ബെഞ്ച് നിരീക്ഷിച്ചു. സതി, നരബലി തുടങ്ങിയ അനാചാരങ്ങളെ ഇല്ലായ്മ ചെയ്ത നാടാണ് ഇന്ത്യയെന്നും. അനാചാരങ്ങൾ പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം, എടത്തലയിൽ അനുമതി ഇല്ലാതെ പ്രവർത്തിക്കുന്ന ആരാധനാലയത്തിനെതിരെ അന്വേഷിച്ച് നടപടി കൈക്കൊള്ളാനും കോടതി ഉത്തരവിട്ടു.

Similar Posts