Kerala
സ്ത്രീധനവിരുദ്ധ ഉപവാസത്തിൽ രാഷ്ട്രീയമില്ലെന്ന് ഗവർണർ
Kerala

സ്ത്രീധനവിരുദ്ധ ഉപവാസത്തിൽ രാഷ്ട്രീയമില്ലെന്ന് ഗവർണർ

Web Desk
|
14 July 2021 2:08 PM GMT

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാക്കളും പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു

സ്ത്രീ സുരക്ഷിത കേരളത്തിനായും സ്ത്രീധനത്തിനെതിരായും നടത്തുന്ന ഉപവാസത്തിൽ രാഷ്ട്രീയമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉപവാസത്തിന് മുഖ്യമന്ത്രി തന്നെ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

രാവിലെ എട്ടുമുതൽ വൈകീട്ട് ആറുവരെയാണ് ഗവർണർ ഉപവാസമിരിക്കുന്നത്. രാജ്ഭവനാണ് ഉപവാസവേദി. സംസ്ഥാന സർക്കാരിന്റെ തലവനായ ഗവർണർ ഇത്തരമൊരു ആവശ്യം ഉന്നയിച്ച് ഉപവസിക്കുന്നത് അസാധാരണ നടപടിയാണ്. കൊല്ലത്ത് സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് മരിച്ച വിസ്മയയുടെ വീട്ടിൽ ഗവർണർ കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു.

ഉപവാസത്തിൽ രാഷ്ട്രീയമില്ലെന്ന് ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം കേസുകളിൽ കേരള പൊലീസ് ശക്തമായി ഇടപെടുന്നുണ്ട്. എന്നാൽ നിയമത്തിനും പൊലീസിനും മാത്രം പരിഹാരം കാണാൻ കഴിയില്ല. പരിപാടിയെ കുറിച്ച് മുഖ്യമന്ത്രിയോട് സംസാരിച്ചിരിന്നു. ഇത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവബോധമുണ്ടാക്കാൻ ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപപക്ഷ നേതാക്കളുടെ പിന്തുണയും ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ തെറ്റിദ്ധാരണ പരത്തരുതെന്നും ഗവർണർ പറഞ്ഞു.

നേരത്തെ കേരളത്തിന്റെ നവോത്ഥാന ചരിത്രം ഓർമിപ്പിച്ചായിരുന്നു ഗവർണർ ഉപവാസമിരുന്നത്. കൊല്ലപ്പെടുന്ന കുട്ടികളുടെ കുടുംബത്തിന്റെ അവസ്ഥ പരിതാപകരമാണ്. സാമൂഹിക അവബോധം ഇല്ലാത്തതുകൊണ്ടല്ല കേരളത്തിൽ ഇത് നടക്കുന്നത്. വിഷയത്തിൽ എല്ലാ ജനപ്രതിനിധികൾക്കും കത്തെഴുതും. അവർ പങ്കെടുക്കുന്ന വിവാഹങ്ങളിൽ സ്ത്രീധനമില്ലെന്ന് ഉറപ്പാക്കണം. അത്തരം വിവാഹക്ഷണം നിരസിക്കാൻ അവർ ധൈര്യം കാണിക്കണം. വിദ്യാഭ്യാസയോഗ്യതാ സർട്ടിഫിക്കറ്റ് നൽകുംമുൻപ് വിദ്യാർത്ഥികളിൽനിന്ന് സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം വാങ്ങണം. അത് ലംഘിക്കുന്നവരുടെ സർട്ടിഫിക്കറ്റ് തിരിച്ചെടുക്കണം. സ്ത്രീധനം ആവശ്യപ്പെടുന്നവരോട് പറ്റില്ലെന്നു പറയാൻ പെൺകുട്ടികൾ ധൈര്യം കാട്ടണമെന്നും ഗവർണർ കൂട്ടിച്ചേർത്തു.

Similar Posts