എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ പ്രശ്നമില്ല, എന്താണ് ചർച്ച ചെയ്തതെന്ന് പരിശോധിക്കണം; എൽഡിഎഫ് കൺവീനർ
|ഇ.പിയെ മാറ്റിയത് ജാവദേക്കറെ കണ്ടതിനല്ല, അത് തികച്ചും സംഘടനാപരമായ തീരുമാനമെന്നും വിശദീകരണം
തിരുവനന്തപുരം: എൽഡിഎഫ് യോഗത്തിൽ മുന്നണി സംവിധാനത്തെ ശക്തിപ്പെടുത്താനുള്ള കാര്യങ്ങളാണ് ചർച്ചയായതെന്ന് കൺവീനർ ടി. പി രാമകൃഷ്ണൻ. എഡിജിപി എം.ആർ അജിത് കുമാർ വിഷയത്തിൽ നടപടിക്ക് കാത്തിരിക്കണമെന്നും അന്വേഷണം നടക്കട്ടേയെന്നും കൺവീനർ മാധ്യമങ്ങളോട് പറഞ്ഞു.
എഡിജിപി-ആർഎസ്എസ് കൂടികാഴ്ചയിൽ പ്രശ്നമില്ല. എഡിജിപി എന്താണ് ചർച്ച ചെയ്തതെന്ന് പരിശോധിക്കണമെന്നും അൻവറിന്റെ പരാതികൾ സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര വകുപ്പ് ഇതിനോടകം നടപടികൾ തുടങ്ങിക്കഴിഞ്ഞു. വിഷയത്തിൽ സർക്കാറിന്റേത് ഉചിതമായ നിലപാടാണ്. തെറ്റ് ചെയ്താൽ സംരക്ഷിക്കില്ല. കടുത്ത നടപടിക്ക് വിധേയമാക്കും.
ജാവദേക്കറെ കണ്ടതിനല്ല ഇ.പി ജയരാജനെ സ്ഥാനത്തുനിന്ന് മാറ്റിയതെന്നും അത് തികച്ചും സംഘടനാപരമായ തീരുമാനമാണെന്നും രാമകൃഷ്ണൻ കൂട്ടിച്ചേർത്തു. അതേസമയം ആർഎസ്എസുമായി ബന്ധപ്പെട്ട സ്പീക്കറുടെ പ്രസ്താവനയോട് അദ്ദേഹം കാര്യമായ പ്രതികരണത്തിന് തയാറായില്ല. ആർഎസ്എസ് പ്രധാന സംഘടനയാണോ എന്ന ചോദ്യത്തിന് തന്നെക്കൊണ്ട് പറയിക്കരുത് എന്നാണ് അദ്ദേഹം മറുപടി നൽകിയത്. ഫോൺ ചോർത്തൽ അംഗീകരിക്കാൻ കഴിയില്ലെന്നും അത് ആര് ചെയ്താലും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം എല്ലാ ദിവസവും ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ കൺവീനർ അൻവറിനെതിരെ തിരിയുകയും ചെയ്തു. നിരന്തരം പരാതി ഉന്നയിക്കുന്നത് നല്ല ലക്ഷണമല്ല. അൻവറിന് ന്യായമായ പരാതിയുണ്ടെങ്കിൽ അത് ഉന്നയിക്കണം. ഉന്നയിച്ചാൽ നടപടിയുണ്ടാകും. പി.വി അൻവർ അല്ല എൽഡിഎഫ്. അദ്ദേഹം മുന്നണിയിലെ അംഗം മാത്രമാണ്. അൻവറല്ല നയരൂപീകരണം നടത്തുന്നത്. അദ്ദേഹത്തിനും അതിനോട് അഭിപ്രായ വ്യത്യാസമുണ്ടാകില്ല. അൻവറിന്റെ ആരോപണങ്ങൾ അന്വേഷിച്ച് നിജസ്ഥിതി കണ്ടെത്തും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ സിപിഎമ്മിന് മുന്നിൽ ആരോപണം ഇല്ല. വാക്കാൽ പോലും അദ്ദേഹത്തിനെതിരെ ആരും പാർട്ടിയിൽ ആരോപണം ഉന്നയിച്ചിട്ടില്ല. കൺവീനർ കൂട്ടിച്ചേർത്തു.
ജനകീയ പ്രശ്നങ്ങൾ കൂടുതലായി കൈകാര്യം ചെയ്യാൻ യോഗം തീരുമാനമെടുത്തു. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളും ചർച്ചയായി. വയനാട് പുനരധിവാസവും യോഗത്തിൽ ചർച്ചയായതായി രാമകൃഷ്ണൻ പറഞ്ഞു. വയനാട്ടിൽ സർക്കാർ നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ എൽഡിഎഫിന് സംതൃപ്തിയുണ്ട്. സർക്കാരിന്റേത് മാതൃകാപരമായ നടപടിയാണ്. എല്ലാ കുടുംബങ്ങൾക്കും സംരക്ഷണം നൽകും. അദ്ദേഹം പറഞ്ഞു. എൽഡിഎഫ് യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.