മേയറുമൊത്ത് മുന്നോട്ടില്ല: തൃശൂർ കോർപറേഷൻ പരിപാടി ബഹിഷ്ക്കരിച്ച് സി.പി.ഐ
|പി.ബാലചന്ദ്രൻ എം.എൽ.എയും നാല് കൗൺസിലർമാരും പരിപാടിയിൽ പങ്കെടുത്തില്ല
തൃശൂർ: വിവാദങ്ങൾ കൊഴുക്കുന്നതിനിടെ തൃശൂർ മേയർ എം.കെ വർഗീസിനെതിരെ നിലപാട് കടുപ്പിച്ച് സി.പി.ഐ. മേയറെ ബഹിഷ്ക്കരിച്ചാണ് സി.പി.ഐ നിലപാട് കടുപ്പിക്കുന്നത്. കോർപറേഷൻ വിദ്യാഭ്യാസ അവാർഡ് ദാന ചടങ്ങാണ് സി.പി.ഐ ബഹിഷ്ക്കരിച്ചത്. പി.ബാലചന്ദ്രൻ എം.എൽ.എയും നാല് കൗൺസിലർമാരും പരിപാടിയിൽ പങ്കെടുത്തില്ല. സുരേഷ് ഗോപിയെ മേയർ പുകഴ്ത്തിയതാണ് സി.പി.ഐയെ ചൊടിപ്പിച്ചത്.
തൃശൂർ മേയർക്കെതിരെ തുറന്നടിച്ച് വി.എസ് സുനിൽകുമാർ കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. മേയർ എം.കെ വർഗീസ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പിന്നിൽനിന്ന് കുത്തിയെന്ന് സുനിൽകുമാർ ആരോപിച്ചു. തൃശൂരിലെ തോൽവിയിൽ പൊലീസിനും പങ്കുണ്ടെന്നും മീഡിയവണിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
അതിനിടെ തൃശൂർ മേയർ എം.കെ വർഗീസിന്റെ ബിജെപി അനുകൂല നിലപാട് പ്രതിഷേധാർഹമെന്ന് സിപിഐ ജില്ലാ സെക്രട്ടറി വത്സരാജും രംഗത്തുവന്നിരുന്നു. തൃശൂരിലെ പരാജയത്തിന് മേയറുടെ നിലപാട് ഒരു കാരണമായി. മുൻ ധാരണപ്രകാരം തൃശൂർ മേയർ സ്ഥാനത്ത് എം.കെ വർഗീസ് ഒഴിയണമെന്നും ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു. അതേസമയം, രാജിയാവശ്യത്തിൽ എം.കെ വർഗീസ് പ്രതികരിച്ചില്ല.