റേഷൻകാർഡില്ല, ദുരിത ജീവിതം; ഒടുവില്‍ മന്ത്രി നേരിട്ടെത്തി റേഷൻ കാർഡ് കൈമാറി
|കോവിഡ് കാലത്ത് റേഷൻ കാർഡ് ഇല്ലാത്തതിനാൽ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുകയായിരുന്നു ജയയും കുടുംബവും.
തിരുവനന്തപുരം ആറ്റുകാലിൽ റേഷൻ കാർഡ് ഇല്ലാത്തതിനാൽ ദുരിതമനുഭവിച്ചിരുന്ന കുടുംബത്തിന് റേഷൻ കാർഡ് കൈമാറി. ഭക്ഷ്യ മന്ത്രി ജി.ആർ അനിലും വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടിയും ജയയുടെ വീട്ടിൽ നേരിട്ടെത്തിയാണ് റേഷൻ കാർഡ് കൈമാറിയത്. കോവിഡ് കാലത്ത് റേഷൻ കാർഡ് ഇല്ലാത്തതിനാൽ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുകയായിരുന്നു ജയയും കുടുംബവും.
ജയയും നാല് കുട്ടികളുമടങ്ങുന്ന കുടുംബം അന്നന്നത്തെ അന്നത്തിന് പോലും വകയില്ലാതെ വാടകവീട്ടിൽ ദുരിത ജീവിതം നയിക്കുകയായിരുന്നു. ഭർത്താവ് ഉപേക്ഷിച്ച ജയ വീട്ടുജോലിയില്‍ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടായിരുന്നു കുടുംബം പോറ്റിയിരുന്നത്. എന്നാൽ കോവിഡിൽ ആ വരുമാനവും നിലച്ചു. റേഷൻ കാർഡ് ഇല്ലാത്തതിനാൽ അതുവഴിയുള്ള ആനുകൂല്യവും ലഭിക്കാതായതോടെ കുടുംബം പട്ടിണിയായി. തുടർന്ന് വിഷയം ശ്രദ്ധയിൽപെട്ടതോടെയാണ് ഭക്ഷ്യ മന്ത്രി നേരിട്ട് ഇടപെട്ട് കുടുംബത്തിന് റേഷൻ കാർഡ് നൽകാനുളള നടപടി സ്വീകരിച്ചത്.
അപേക്ഷ നൽകി ഇത്ര വേഗം റേഷൻ കാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല എന്നും വളരെയധികം സന്തോഷമുണ്ടെന്നും ജയ പറഞ്ഞു. ജയക്കും കുടുംബത്തിനുമുള്ള ഭക്ഷണ സാധനങ്ങളും കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായുള്ള മൊബൈൽ ഫോണും ചടങ്ങിൽ കൈമാറി