Kerala
No request to Anwar, order to turn back; CPM corrected the statement,,latest news malayalam, അൻവറിനോട് അഭ്യർത്ഥിനയില്ല, പിന്തിരിയണമെന്ന് നിർദേശം; പ്രസ്താവന തിരുത്തി സിപിഎം
Kerala

അൻവറിനോട് ആദ്യം അഭ്യർഥിച്ചു, പിന്നീട് തിരുത്തി, വീണ്ടും അഭ്യർഥന; സിപിഎം പ്രസ്താവനയിൽ തിരുത്തലോട് തിരുത്തൽ

Web Desk
|
22 Sep 2024 9:50 AM GMT

പാർട്ടിയെ ദുർബലപ്പെടുത്താനുള്ള സമീപനത്തിൽ നിന്ന് അൻവർ പിന്തിരിയണമെന്ന അഭ്യർഥനയിലാണ് സിപിഎമ്മിന്റെ തിരുത്തൽ കളി

തിരുവനന്തപുരം: പി.വി അൻവർ എംഎൽഎക്ക് എതിരായ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയിൽ തിരുത്തലോട് തിരുത്തൽ. അൻവറിന്റെ നിലപാടിൽ പാർട്ടിക്ക് യോജിക്കാൻ കഴിയില്ലെന്നും പാർട്ടിയെ ദുർബലപ്പെടുത്താനുള്ള സമീപനത്തിൽ നിന്നും അൻവർ പിന്തിരിയണമെന്ന് അഭ്യർത്ഥിക്കുന്നു എന്നായിരുന്നു പാർട്ടിയുടെ ആദ്യ നിലപാട്. എന്നാൽ അഭ്യ​ർത്ഥന നിർദേശമാക്കി സിപിഎം പുതിയ പ്രസ്താവന പുറത്തിറക്കി. ഇത് ചർച്ചയായതിനു പിന്നാലെ വീണ്ടും അഭ്യ​ർത്ഥന കൂട്ടിച്ചേർത്തു. പാർട്ടിയെ ദുർബലപ്പെടുത്താനുള്ള സമീപനത്തിൽ നിന്ന് അൻവർ പിന്തിരിയണമെന്ന് സെക്രട്ടറിയേറ്റ്‌ അഭ്യർത്ഥിക്കുന്നു എന്നാണ് ഒടുവിൽ തിരുത്തിയ പ്രസ്താവന.

തിരുത്തൽ വരുത്തിയ രണ്ടു പ്രസ്താവനകളുടേയും സ്ക്രീന്‍ഷോട്ടുകള്‍

ഏറ്റവുമൊടുവിൽ തിരുത്തൽ വരുത്തിയ പുതിയ പ്രസ്താവനയുടെ പൂ​ർണരൂപം

നിലമ്പൂർ എം.എൽ.എ പി.വി അൻവർ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്വതന്ത്ര എം.എൽ.എ എന്ന നിലയിലാണ്‌ നിയമസഭയിലും, നിലമ്പൂർ മണ്ഡലത്തിലും പ്രവർത്തിച്ചുവരുന്നത്‌. അദ്ദേഹം സി.പി.ഐ (എം) പാർലമെന്ററി പാർടി അംഗവുമാണ്‌.

ചില വിഷയങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അദ്ദേഹം മുഖ്യമന്ത്രിയുടെ മുൻപാകെ രേഖാമൂലം സമർപ്പിച്ചിട്ടുണ്ട്‌. പരാതിയുടെ കോപ്പി പാർടി സംസ്ഥാന സെക്രട്ടറിക്കും നൽകിയിട്ടുണ്ട്‌. പരാതിയിൽ പറഞ്ഞ കാര്യങ്ങൾ സർക്കാരിന്റെ അന്വേഷണത്തിലും, പാർടി പരിശോധിക്കേണ്ട വിഷയങ്ങൾ പാർടിയുടെ പരിഗണനയിലുമാണ്‌. വസ്‌തുതകൾ ഇതായിരിക്കെ ഗവൺമെന്റിനും, പാർടിക്കുമെതിരെ അദ്ദേഹം തുടർച്ചയായ ആരോപണങ്ങൾ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചുവരികയാണ്‌. പി.വി അൻവർ എം.എൽ.എയുടെ ഈ നിലപാടിനോട്‌ പാർടിക്ക്‌ യോജിക്കാൻ കഴിയുന്നതല്ല.

പി.വി അൻവർ എം.എൽ.എ സ്വീകരിക്കുന്ന ഇത്തരം നിലപാടുകൾ പാർടി ശത്രുക്കൾക്ക്‌ ഗവൺമെന്റിനേയും, പാർടിയേയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്‌. ഇത്തരം നിലപാടുകൾ തിരുത്തി പാർടിയെ ദുർബലപ്പെടുത്താനുള്ള സമീപനത്തിൽ നിന്നും പിന്തിരിയണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ അഭ്യർത്ഥിക്കുന്നു.

Similar Posts