ഗുരുതര സാഹചര്യമില്ല, ആളുകളെ മാറ്റിപ്പാർപ്പിക്കാൻ സർവസജ്ജം; റവന്യൂ മന്ത്രി കെ രാജൻ
|91 ക്യാമ്പുകളിലായി 2096 പേരാണുള്ളത്. 651 കുടുംബങ്ങളാണ് ക്യാമ്പുകളിൽ കഴിയുന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി നേരിടാൻ സർക്കാർ സംവിധാനങ്ങൾ സജ്ജമാണെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയെ തുടർന്നുണ്ടായ പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും ഏത് വിധേനയും ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതടക്കമുള്ള സുരക്ഷാ നടപടികൾ നടപ്പാക്കുന്നതിൽ സർവസജ്ജമാണ്. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ക്യാമ്പുകൾ തയ്യാറാക്കിയാൽ രണ്ടുലക്ഷത്തിലധികം പേർക്ക് താമസിക്കാൻ കഴിയുന്ന തരത്തിൽ ഒരുക്കങ്ങൾ പൂർത്തിയാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ജനറൽ ക്യാമ്പുകൾ ആണെങ്കിൽ നാലര ലക്ഷം പേർക്ക് താമസിക്കാനാകും. ഇത്തവണ ദുരിതാശ്വാസ ക്യാമ്പുകൾ വലിയ നമ്പറുകളിലേക്ക് കടന്നിട്ടില്ല. 91 ക്യാമ്പുകളിലായി 2096 പേരാണുള്ളത്. 651 കുടുംബങ്ങളാണ് ക്യാമ്പുകളിൽ കഴിയുന്നത്.
ഭൂചലനങ്ങൾ സംബന്ധിച്ച് റിപ്പോർട്ടുകളുണ്ടെങ്കിലും ഗുരുതരമായ സാഹചര്യമില്ല. തൃശൂരിലേത് ഉൾപ്പടെ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിദഗ്ധർ പറയുന്നത്. മലയോര മേഖലയിലെ മഴ ജാഗ്രതയോടെ ശ്രദ്ധിച്ചുവരികയാണ്. പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി കൊടുത്തത് ഗുരുതര സാഹചര്യമുള്ളത് കൊണ്ടല്ല, മറിച്ച് വെള്ളക്കെട്ട് ഉൾപ്പടെ വിദ്യാർഥികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണെന്നും മന്ത്രി പറഞ്ഞു.