മലപ്പുറത്തെ ജനങ്ങളോടുള്ള വിവേചനം; വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാത്തതിനെതിരെ ലീഗ്
|വന്ദേഭാരത് കടന്നുപോകുന്ന മറ്റ് ജില്ലകളിലെല്ലാം സ്റ്റോപ്പുണ്ട്
കോഴിക്കോട്: വന്ദേഭാരത് ട്രയിനിന് തിരൂരിൽ സ്റ്റോപ്പ് ഒഴിവാക്കിയതിനെതിരെ മുസ്ലിം ലീഗ്. മലപ്പുറത്തെ ജനങ്ങളോടുള്ള വിവേചനമാണെന്ന് ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം കുറ്റപ്പെടുത്തി. വന്ദേഭാരത് കടന്നുപോകുന്ന മറ്റ് ജില്ലകളിലെല്ലാം സ്റ്റോപ്പുണ്ട്. രാഷ്ട്രീയ താത്പര്യങ്ങൾ വെച്ച് ഇത്തരം തീരുമാനം എടുക്കുമ്പോൾ ഉദ്ദേശശുദ്ധി വഴിമാറും . തിരൂരിൽ സ്റ്റോപ്പ് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സമര രംഗത്തേക്ക് കടക്കുമെന്നും പി.എം.എ സലാം ആവശ്യപ്പെട്ടു.
വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പില്ലാത്തതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. ഇത് ഒരു തരത്തിലും നീതികരിക്കാനാവില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പ്രതികരിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയായ മലപ്പുറത്തെ പ്രധാന സ്റ്റേഷനായ തിരൂരിനോടുള്ള ഈ അവഗണക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമര പരിപാടിയുമായി മുന്നോട്ട് പോകുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന വന്ദേഭാരതിന് കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഷൊര്‍ണൂരില്‍ സ്റ്റോപ്പ് ലഭിച്ചപ്പോള്‍ ചെങ്ങന്നൂരും തിരൂരും പട്ടികക്ക് പുറത്തായി. തിരുവനന്തപുരത്തു നിന്ന് കാസർകോടെത്താൻ ട്രെയിന്‍ 8 മണിക്കൂർ 5 മിനിട്ട് എടുക്കും. വ്യാഴാഴ്ച സർവീസില്ല.