കടുത്ത നിയന്ത്രണങ്ങള് വേണ്ട; സംസ്ഥാനത്ത് കൂടുതൽ മേഖലകൾ തുറക്കാമെന്ന് വിദഗ്ധരുടെ യോഗത്തിൽ നിർദേശം
|കേരളത്തിലെ രൂക്ഷമായ കോവിഡ് വ്യാപന സ്ഥിതി വിലയിരുത്താനും തുടർ പ്രതിരോധ നടപടികൾ ആലോചിക്കാനുമാണ് മുഖ്യമന്ത്രി പൊതുജനാരോഗ്യ വിദഗ്ധരുടെ യോഗം വിളിച്ചത്
കേരളത്തിലെ കോവിഡ് വ്യാപനത്തിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ വിദഗ്ധർ. മരണനിരക്ക് പിടിച്ചു നിർത്താൻ കേരളത്തിനായി. കടുത്ത നിയന്ത്രണങ്ങൾ ആവശ്യമില്ലെന്നും വിദഗ്ധരുടെ അഭിപ്രായം.
അതേസമയം സംസ്ഥാനത്തെ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്ത് പരീക്ഷ എഴുതാൻ എത്തുന്ന കേരളത്തിലെ വിദ്യാർഥികൾക്ക് ക്വാറന്റൈന് വേണ്ടെന്ന് കർണാടക അറിയിച്ചു. കേരളത്തിലെ രൂക്ഷമായ കോവിഡ് വ്യാപന സ്ഥിതി വിലയിരുത്താനും തുടർ പ്രതിരോധ നടപടികൾ ആലോചിക്കാനുമാണ് മുഖ്യമന്ത്രി പൊതുജനാരോഗ്യ വിദഗ്ധരുടെ യോഗം വിളിച്ചത്. വിദേശ സർവകലാശാലകളിൽ നിന്നും ദേശിയ സ്ഥാപനങ്ങളിൽ നിന്നുമായി പൊതുജനാരോഗ്യവിദഗ്ധരും വൈറോളജിസ്റ്റുകളും പങ്കെടുത്തു. കേരളത്തിൽ രോഗികളുടെ എണ്ണം കൂടുന്നതിൽ ആശങ്ക വേണ്ടെന്നും മരണ നിരക്ക് ഉയരാതെ ശ്രദ്ധിച്ചാൽ മതിയെന്നുമാണ് വിദഗ്ധരുടെ പൊതു അഭിപ്രായം. കടുത്ത നിയന്ത്രണങ്ങൾ വേണ്ടതില്ലെന്നും വിദഗ്ധർ നിർദേശിച്ചു.
ആൾക്കൂട്ടമൊഴിവാക്കാനുള്ള ക്രമീകരണത്തോടെ പരമാവധി മേഖലകൾ തുറക്കാമെന്നും വിദഗ്ധർ നിർദ്ദേശിച്ചു. വാക്സിനേഷൻ വേഗത്തിലാക്കണം. ഒന്നാം തരംഗത്തിൽ വ്യാപനം കുറഞ്ഞതിനാലാണ് രണ്ടാം തരംഗം രൂക്ഷമാവാൻ കാരണമെന്ന് വിദഗ്ധർ വിലയിരുത്തി. മരണനിരക്ക് കുറച്ച് നിർത്താനായതിലും ഡാറ്റാ കൈകാര്യം ചെയ്യലിലും കേരളത്തെ പ്രശംസിച്ചു. അതേ സമയം സംസ്ഥാനത്തെ രോഗവ്യാപനത്തിൽ കുറവില്ല. ഇന്നലെ രണ്ട് ജില്ലകളിൽ നാലായിരത്തിന് മുകളിലായിരുന്നു പ്രതിദിന രോഗബാധ. ടി.പി.ആറിലും കുറവില്ല. ഈ മാസം പകുതി വരെ പ്രതിദിന കേസുകൾ ഉയർന്ന് നിൽക്കുമെന്നാണ് വിലയിരുത്തൽ.