മരുമകൻ വിളിയോട് പ്രതികരിക്കാന്‍ സമയമില്ല, പ്രവൃത്തിയാണ് മറുപടി - മുഹമ്മദ് റിയാസ്
|താന്‍ നടത്തുന്ന പ്രവൃത്തിയും അതിന്‍റെ പ്രതിഫലനവും ജനങ്ങളിലേക്കെത്തുന്നുണ്ടെന്നും അത് അവര്‍ക്ക് മനസിലാകുന്നുണ്ടെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.
സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉൾപ്പെടുത്തിയതിനെതിരെ ഉള്ള വിമർശനങ്ങൾക്ക് മറുപടിയുമായി മുഹമ്മദ് റിയാസ്. ജനാധിപത്യ സമൂഹത്തിൽ വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും എന്നാല്‍ വിമർശനങ്ങളുടെ നിലവാരം എത്രത്തോളുണ്ടെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും റിയാസ് പറഞ്ഞു. മരുമകൻ എന്ന തരത്തിലുള്ള വിമർശനങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും മറുപടിയാൻ സമയമില്ലെന്നും പറയേണ്ടവർ നന്നായി പറയട്ടെയെന്നും റിയാസ് പറഞ്ഞു. എന്നാല്‍ താന്‍ നടത്തുന്ന പ്രവൃത്തിയും അതിന്‍റെ പ്രതിഫലനവും ജനങ്ങളിലേക്കെത്തുന്നുണ്ടെന്നും അത് അവര്‍ക്ക് മനസിലാകുന്നുണ്ടെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.
ഇത്തവണത്തെ സി.പി.എം സമ്മേളനത്തിന് മുന്‍പ് വരെ കോഴിക്കോട് നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ ഏറ്റവും ജൂനിയറായിരുന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. എന്നാൽ, എറണാകുളത്തെ സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി റിയാസ് മാറി. ഇതോടെ കോഴിക്കോട് ജില്ലയിലെ സി.പി.എം സംഘടനാ സംവിധാനത്തിലെ തന്നെ നിര്‍ണായക ശക്തിയായി റിയാസ് മാറുകയായിരുന്നു.
2018 ല്‍ തൃശൂരില്‍ വെച്ചുനടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തോടെയാണ് റിയാസ് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലേക്കെത്തുന്നത്. അതുകഴിഞ്ഞ് നടക്കുന്ന ആദ്യ സമ്മേളനത്തില്‍ തന്നെ റിയാസ് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ എത്തുകയും ചെയ്തു. ഇതിന്‍റെ ചുവടുപിടിച്ചാണ് റിയാസിനെ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയതിനെതിരെ വിമര്‍ശനങ്ങളും പ്രതിഷേധ സ്വരങ്ങളും ഉയര്‍ന്നത്. എന്നാൽ, 2009 ൽ തന്നെ ലോക്സഭാ സ്ഥാനാർഥിയായിരുന്ന റിയാസിന് പിന്നീട് വേണ്ടത്ര അവസരം നല്‍കിയില്ലെന്നാണ് റിയാസിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്.