അടിയന്തര പ്രമേയത്തിന് അനുമതിയില്ല; ബഹളത്തെ തുടർന്ന് സഭ നിർത്തിവെച്ചു
|സമരം ചെയ്യരുതെന്ന് പറയാൻ ഞങ്ങൾ ആരുടെയും അടിമകളല്ലെന്നായിരുന്നു ഷാഫി പറമ്പലിന്റെ പ്രതികരണം
തിരുവനന്തപുരം: എറണാകുളത്ത് നികുതി വർധനവിനെതിരെ പ്രതിഷേധിച്ച എംഎൽഎ അടക്കമുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചതിനെതിരായ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതിയില്ല. ഭരണ-പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ തൽക്കാലത്തേക്ക് നിർത്തിവെച്ചു. കേന്ദ്രസർക്കാർ 13 തവണ ഇന്ധനനികുതി വര്‍ധിച്ചപ്പോള്‍ പ്രതിഷേധിക്കാത്ത പ്രതിപക്ഷത്തിന്റെ സമരത്തിന് ജനപിന്തുണയില്ലെന്ന് മുഖ്യമന്ത്രിപറഞ്ഞു.
ഷാഫി പറമ്പില്‍ എംഎൽഎയുടെ നേതൃത്വത്തിൽ കളമശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രി മറുപടി നൽകി. എല്ലാ നികുതിയും വർദ്ധിപ്പിച്ചിട്ട് സമരം ചെയ്യരുതെന്ന് പറയാൻ ഞങ്ങൾ ആരുടെയും അടിമകളല്ലെന്നായിരുന്നു അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയ ഷാഫി പറമ്പലിന്റെ പ്രതികരണം. സമര പാരമ്പര്യം പറയുന്നവർ എന്തിനാണ് കറുത്ത കഷണം തുണിയെ പേടിക്കുന്നതെന്നും ഷാഫി ചോദിച്ചു.
നരേന്ദ്ര മോദി ഭരണത്തിന്റെ മലയാള പരിഭാഷയായി പിണറായി സർക്കാർ മാറിയെന്ന് ഷാഫി പറമ്പിൽ വിമർശിച്ചു. തെക്ക് വടക്ക് സമരക്കാരെന്നും കേരള വികസന വിരുദ്ധരെന്നും വിളിച്ചാണ് ഇവിടെ സമരക്കാരെ നേരിടുന്നതെന്നും ഷാഫി പറഞ്ഞു. തങ്ങൾക്ക് ആത്മഹത്യാ സ്‌ക്വാഡുകളോ ആകാശ് തില്ലങ്കേരിയെപ്പോലുള്ള കില്ലർ സ്‌ക്വാഡുകളോഇല്ല, സാധാരണക്കാർക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്നും ഷാഫി പറഞ്ഞു.