Kerala
പ്രാഥമിക ആവശ്യത്തിന് പോലും വെള്ളമില്ല; ദുരിതം പേറി മലക്കപ്പാറയിലെ കെ.എസ്.ആർ.ടി.സി ജീവനക്കാർ
Kerala

പ്രാഥമിക ആവശ്യത്തിന് പോലും വെള്ളമില്ല; ദുരിതം പേറി മലക്കപ്പാറയിലെ കെ.എസ്.ആർ.ടി.സി ജീവനക്കാർ

Web Desk
|
2 Feb 2022 1:28 AM GMT

പഞ്ചായത്തിൽ നിരവധി പ്രാവശ്യം പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും എടുത്തില്ല

കഴിഞ്ഞ ആറ് മാസത്തിലധികമായി പ്രാഥമിക ആവശ്യങ്ങൾക്ക് പോലും വെളളമില്ലാതെ വലയുകയാണ് മലക്കപ്പാറയിലേക്ക് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാർ. മഴക്കാലത്ത് മഴ വെളളത്തെയും മഴ മാറിയപ്പോൾ അരുവിയിലെയും ചെറു തോടുകളിലെയും വെളളമാണ് ഇവരിപ്പോൾ ഉപയോഗിക്കുന്നത്. അതിരപ്പിള്ളി പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയാണ് ജീവനക്കാരുടെ ദുരിതത്തിന് കാരണം.

കോവിഡ് കാലത്തും പ്രളയ കാലത്തുമെല്ലാം മുടക്കമില്ലാതെ സർവീസ് നടത്തുന്ന ബസുകളിലെ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും അതിരപ്പള്ളി പഞ്ചായത്തിന്റെ കമ്യൂണിറ്റി ഹാളിന് മുകളിലുള്ള റൂമിലാണ് താമസമൊരുക്കിയിട്ടുള്ളത്. തുടക്കത്തിൽ എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്ന ഹാളിൽ ഇപ്പോൾ വെളളമോ കട്ടിലോ ഇല്ല. ആരോഗ്യവകുപ്പിന്റെ കട്ടിലാണെന്ന് ചൂണ്ടിക്കാണിച്ച് കട്ടിലുകൾ മാസങ്ങൾക്ക് മുൻപ് കൊണ്ടുപോയി. കൊടും തണുപ്പിലും നിലത്താണ് പലരുടെയും കിടക്കുന്നതെന്ന് ജീവനക്കാർ പറയുന്നു.

പഞ്ചായത്തിൽ നിരവധി പ്രാവശ്യം പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും എടുത്തില്ലെന്ന് ഇവർ പറയുന്നു. മലക്കപ്പാറ റൂട്ടിൽ രണ്ട് സ്റ്റേ സർവീസുകൾ ഉൾപ്പെടെ നാല് സർവീസുകളാണ് നടത്തുന്നത്. 10 വർഷത്തിലേറെയായി സ്റ്റേ സർവീസ് നടത്തുന്ന ഡ്രൈവർമാരും കണ്ടക്ടർമാരും ഇവിടെയാണ് താമസിക്കുന്നത്.


Similar Posts