കെ റെയിൽ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കില്ലെന്ന് പൊലീസ്
|കെ റെയിൽ നടപ്പാക്കാൻ കല്ലിടേണ്ട ആവശ്യമില്ലെന്നും ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് സർവേ നടപടികൾ പൂർത്തിയാക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
തിരുവനന്തപുരം: കെ റെയിൽ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കില്ലെന്ന് പൊലീസ്. അത്തരമൊരു നിർദേശം സർക്കാർ തലത്തിൽനിന്ന് വന്നിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം. കേസ് നടപടികളുമായി മുന്നോട്ടുപോവും. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാവില്ലെന്നും പൊലീസ് പറഞ്ഞു.
കെ റെയിൽ കല്ലിടൽ അവസാനിപ്പിക്കുന്നതായി കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇനി ജിപിഎസ് സംവിധാനം വഴിയാണ് സാമൂഹികാഘാത പഠനം നടത്തുക. ജനകീയ പ്രതിഷേധങ്ങൾക്ക് മുന്നിൽ മുട്ടുമടക്കിയാണ് സർക്കാർ കല്ലിടൽ നിർത്തിവെച്ചതെന്നും നടപടി തെറ്റാണെന്ന് ബോധ്യപ്പെട്ടെങ്കിൽ കേസുകൾ പിൻവലിക്കണമെന്നും പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും ആവശ്യപ്പെട്ടിരുന്നു.
കെ റെയിൽ നടപ്പാക്കാൻ കല്ലിടേണ്ട ആവശ്യമില്ലെന്നും ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് സർവേ നടപടികൾ പൂർത്തിയാക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. എൽഡിഎഫ് ഭരണകാലത്ത് ഒരു വികസനവും വരരുതെന്ന് പിടിവാശിയുള്ള യുഡിഎഫും ബിജെപിയുമാണ് കെ റെയിൽ വിരുദ്ധ സമരത്തിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.