Kerala
k vidya, maharajas collage, sfi
Kerala

മഹാരാജാസിന്റെ പേരിൽ വ്യാജരേഖ; കെ. വിദ്യക്കെതിരെ ജാമ്യമില്ലാക്കുറ്റം

Web Desk
|
7 Jun 2023 3:26 AM GMT

ചുമത്തിയത് ഏഴ് വർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റം

കൊച്ചി: മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമച്ച കേസിൽ കെ. വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഐപിസി 465, 468,471 തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഏഴുവർഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. വിഷയം മഹാരാജാസ് കോളജിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ പ്രിൻസിപ്പലിന്റെ പരാതിയിൽ വിദ്യക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് പൊലീസ്, കോളജ് പ്രിൻസിപ്പലിന്റെ മൊഴി രേഖപ്പെടുത്തി.

അട്ടപ്പാടി കോളജിന് പുറമെ കാസർകോട് കരിന്തളം ഗവൺമെന്റ് കോളജിലും മഹാരാജാസിന്‍റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് കാണിച്ച് വിദ്യ ജോലി നേടിയിരുന്നു. വിഷയം പരിശോധിക്കാൻ കോളജിൽ അടിയന്തര കൗൺസിൽ യോഗം ചേർന്നു. വിദ്യക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് കോളജിന്റെയും തീരുമാനം. ഇതിനുപുറമെ കാലടി സർവകാലാശാലയിൽ വിദ്യ പിഎച്ച്ഡി നേടിയതും വിവാദത്തിലായി. അട്ടിമറി നടത്തിയാണ് പ്രവേശനം നേടിയതെന്നാണ് ആരോപണം. ഇക്കാര്യത്തിൽ സർവകലാശാല പരിശോധന നടത്തിയേക്കും.

എന്നാല്‍ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പാർട്ടി ആരെയും സംരക്ഷിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അഗളി പൊലീസിന് കൈമാറും.

അതേസമയം മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ചമച്ചതിനൊപ്പം പി എം ആർഷോയുടെ മാർക്ക് വിവാദം കൂടി വന്നതോടെ സിപിഎം പ്രതിരോധത്തിലായിരിക്കുകയാണ്. വിദ്യക്ക് കാലടി സർവകലാശാലയിൽ പിഎച്ച്ഡിക്ക് പ്രവേശനം ലഭിക്കാൻ മന്ത്രി പി രാജീവ് ഇടപെട്ടു എന്ന ഗുരുതര ആരോപണത്തിലും സിപിഎമ്മിന് മറുപടി പറയേണ്ടിവരും. വിവാദങ്ങളിൽ നടപടി ആവശ്യപ്പട്ട് പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസിന്‍റെ തീരുമാനം.

Similar Posts