ഉയർന്ന ടിക്കറ്റ് നിരക്ക് കുറക്കാൻ പദ്ധതികളുമായി നോര്ക്ക
|പ്രമുഖ എയർലൈൻ കമ്പനികളുമായി നോർക്ക പ്രാംരംഭ ചർച്ച നടത്തി
തിരുവനന്തപുരം: ഉയർന്ന ടിക്കറ്റ് നിരക്ക് കുറക്കാൻ പ്രവാസികൾക്കായി ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ നോർക്ക തുടങ്ങി. പ്രമുഖ എയർലൈൻ കമ്പനികളുമായി നോർക്ക പ്രാംരംഭ ചർച്ച നടത്തി. കൊച്ചി വിമാനത്താവളത്തെ പ്രധാന ഫെസിലിറ്റേഷൻ സെന്ററാക്കാനും ധാരണയായി.
കേരളത്തിലേയും ഗൾഫ് രാജ്യങ്ങളിലേയും അവധിക്കാലവും വിഷു, ചെറിയ പെരുന്നാൾ ആഘോഷങ്ങളും ഒരുമിച്ചെത്തിയതോടെ വിമാനടിക്കറ്റ് കുത്തനെ ഉയർന്നു. എല്ലാ വർഷവും അവധി സമയത്ത് ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നുമുണ്ട്. ഈ പശ്ചാതലത്തിലാണ് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി , പ്രധാനമന്ത്രിക്ക് കത്തയച്ചത്.
ചാർട്ടേർഡ് വിമാനങ്ങൾക്ക് സർവീസിന് അനുമതി നൽകണമെന്നും നിലവലെ റൂട്ടുകളിൽ കൂടുതൽ സർവീസുകൾ നടത്തി ടിക്കറ്റ് നിരക്ക് കുറക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. നോർക്ക മുൻകയ്യെടുത്ത് ചാർട്ടേർഡ് വിമാനസർവീസുകൾ നടത്തനാണ് പദ്ധതി. ഇതിനായി കൊച്ചി അന്താരാഷ്ട്രവിമാനത്താവളത്തെ പ്രധാന ഫെസിലിറ്റേഷൻ സെന്ററാക്കാൻ സർക്കാർ തത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്. പ്രമുഖ എയർലൈൻ കമ്പനികളുമായി നോർക്ക പ്രാരംഭ ചർച്ചകൾ ആരംഭിച്ചു. എയർലൈൻ കമ്പനികൾക്ക് പുറമെ, പ്രവാസി സംഘടനകൾക്കും വിമാനം ചാർട്ട് ചെയ്യാം. ഇവരുമായും നോർക്ക ചർച്ച നടത്തുന്നുണ്ട്. വിമാനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള ഫീസും എയർപോർട്ടിലെ മറ്റുചെലവുകളും കുറച്ചാൽ ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്യുന്നതിന്റെ ടിക്കറ്റ് നിരക്ക് വീണ്ടും കുറക്കാനാകും.
വിദേശരാജ്യത്ത് നിന്ന് ചാർട്ടേഡ് വിമാനം സർവീസ് നടത്തുന്നതിന് കേന്ദ്രസർക്കാരിന്റെ അനുമതി നിർബന്ധമാണ്. ഗൾഫ് രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് അനുവദിക്കപ്പെട്ട മുഴുവൻ വിമാനസർവീസും ഇപ്പോൾ തന്നെ നടത്തുന്നുണ്ട്. അതിനാൽ കൂടുതൽ സർവീസ് നടത്താനും കേന്ദ്രത്തിന്റെ അനുമതി വേണം. കേന്ദ്രസർക്കാർ നയപരമായി അനുമതി നൽകുമെന്ന പ്രതീക്ഷയിൽ ചാർട്ടേർഡ് വിമാനങ്ങളുടെ സർവീസ് നടത്താൻ ആവശ്യമായ നടപടികളാണ് നോർക്ക ഇപ്പോൾ സ്വീകരിക്കുന്നത്.