ഒരു ലക്ഷം രൂപ ശമ്പളം; വേണു രാജാമണി ചെയ്യുന്ന ജോലിയെന്താണെന്ന് അറിയില്ലെന്ന് നോർക്ക
|ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായിരുന്ന മുൻ എംപി എ. സമ്പത്തിന് പകരക്കാരനായാണ് വേണു രാജാമണി 2021 സെപ്തംബറിൽ സ്ഥാനമേൽക്കുന്നത്.
ഡൽഹിയിൽ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിതനായ വേണു രാജാമണിയുടെ സേവനത്തെ കുറിച്ച് അറിയില്ലെന്ന് നോർക്ക വകുപ്പും ഡൽഹിയിലെ നോർക്ക സെല്ലും.
വിവരാവകാശ അപ്പീലിനാണ് നോർക്ക സെല്ലിന്റെ വിചിത്ര മറുപടി. ഒരു ലക്ഷം രൂപ ശമ്പളം വാങ്ങുന്ന വേണു രാജാമണിയെ ഒരു വർഷത്തെ കാലയളവിലാണ് രണ്ടാം പിണറായി സർക്കാർ നിയമിച്ചത്.
ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായിരുന്ന മുൻ എംപി എ. സമ്പത്തിന് പകരക്കാരനായാണ് വേണു രാജാമണി 2021 സെപ്തംബറിൽ സ്ഥാനമേൽക്കുന്നത്. ചീഫ് സെക്രട്ടറി റാങ്കിൽ ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. പ്രവാസികളുടെ പ്രശ്നങ്ങൾ കേന്ദ്രസർക്കാരിന്റെയും എംബിസികളുടേയും ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കലാണ് ചുമതല. എന്നാൽ വേണു രാജാമണി നൽകിയ സേവനങ്ങൾ എന്തൊക്കെയെന്ന വിവരാവകാശ ചോദ്യത്തിന് അറിയില്ലെന്ന വിചിത്രമറുപടിയുമാണ് നോർക്ക വകുപ്പും ഡൽഹിയിലെ നോർക്ക സെല്ലും നൽകിയത്.
സെപ്റ്റംബർ 14 മുതൽ ജനുവരി 31 വരെയുള്ള പ്രവർത്തനമാണ് ചോദിച്ചത്.
നേരത്തെ നോർക്ക വകുപ്പ് ശമ്പളത്തിന്റെ കണക്ക് നൽകിയെങ്കിലും സേവനങ്ങളെ പറ്റിയുള്ള ചോദ്യം നോർക്ക റൂട്ട്‌സിനും നോർക്ക സെല്ലിനും കൈമാറുകയായിരുന്നു. വേണു രാജാമണി ഏറ്റെടുത്ത പ്രവാസി മലയാളികളുടെ പ്രശ്നങ്ങളുടെയും ലഭിച്ച പരാതികളുടെയും പരിഹരിച്ചതിന്റെയും വിശദാംശങ്ങളൊന്നും നോർക്ക സെല്ലിൽ ഇല്ല.
ജനുവരി വരെ വേണു രാജാമണിക്ക് ശമ്പള ഇനത്തിൽ നൽകിയത് 4,46,667 രൂപയും അസിസ്റ്റന്റിന് 47,800 രൂപയും,കോൺഫിഡന്റിൽ അസിസ്റ്റന്റിന് 27,900 രൂപയും ഡ്രൈവർക്ക് 25,100 രൂപയുമാണ് ശമ്പളം നൽകുന്നത്. നോർക്ക സെൽ ഭരണപരമായ സഹായം മാത്രമാണ് നൽകുന്നതെന്നാണ് വിവരാവകാശ രേഖയിലെ മറുപടി.