പിടികൊടുക്കാതെ കടുവ; ഭീതിയൊഴിയാതെ കുറുക്കന്‍മൂലക്കാര്‍
|ജനരോഷം ശക്തമായതോടെ ഇന്നലെ മുതൽ പുതിയ വിദഗ്ധസംഘത്തെ കൂടി തിരച്ചിലിനായി നിയോഗിച്ചു
വയനാട് കുറുക്കൻമൂലയിൽ 17 വളർത്തു മൃഗങ്ങളെ കൊന്നൊടുക്കിയ കടുവ ഇപ്പോഴും കെണിയിൽ വീണിട്ടില്ല. മയക്കുവെടി വച്ച് പിടികൂടാനുള്ള ശ്രമങ്ങളും വിജയം കണ്ടില്ല. ജനരോഷം ശക്തമായതോടെ ഇന്നലെ മുതൽ പുതിയ വിദഗ്ധസംഘത്തെ കൂടി തിരച്ചിലിനായി നിയോഗിച്ചു. നടപടികൾ ഏകോപിപ്പിക്കാൻ ചീഫ് വൈൽഡ്‍ലൈഫ് വാർഡൻ ഇന്ന് ജില്ലയിലെത്തും. പയ്യമ്പള്ളിയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവ കഴിഞ്ഞ ദിവസവും രണ്ട് വളർത്തുമൃഗങ്ങളെ കൊന്നിരുന്നു.
ഇന്നലെ ജനവാസ കേന്ദ്രത്തില്‍ വീണ്ടും കടുവയിറങ്ങിയിരുന്നു. കുറുക്കന്മൂലയ്ക്കടുത്തുള്ള പയ്യമ്പള്ളിയിലും പരുന്താനിയിലും രണ്ട് വളർത്തുമൃഗങ്ങളെ കടുവ കടിച്ചുകൊന്നിരുന്നു. ഡ്രോൺ ഉപയോഗിച്ചും കുങ്കിയാനകളെ ഉപയോഗിച്ചും തെരച്ചിൽ നടത്തിയിട്ടും കടുവയെ പിടികൂടിയിട്ടില്ല. 19 ദിവസത്തിനിടെ 18 വളര്‍ത്തുമൃഗങ്ങളാണ് കടുവയുടെ ആക്രമണത്തില്‍ കുറുക്കന്‍മൂലയിലും പരിസര പ്രദേശങ്ങളിലും കൊല്ലപ്പെട്ടത്. കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കുന്നതിന്‍റെ ഭാഗമായി ഉത്തരമേഖല സി.സി.എഫ് ഡി.കെ വിനോദ് കുമാർ കുറുക്കന്മൂലയിലെത്തിയിരുന്നു. വയനാട്ടിലെ ഡാറ്റാബേസിൽ ഉൾപ്പെട്ട കടുവയല്ല കുറുക്കന്മൂലയിലേതെന്നാണ് വിലയിരുത്തല്‍. വനം വകുപ്പിന്‍റെ നിരീക്ഷണ ക്യമറയില്‍ കഴിഞ്ഞ ദിവസം കടുവയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.