തെരുവ് നായയുടെ കടിയേറ്റ് എത്തുന്ന മുഴുവൻ ആളുകൾക്കും വാക്സിൻ നൽകാൻ സാധിക്കുന്നില്ല: പാലക്കാട് ജില്ലാ ആശുപത്രി സൂപ്രണ്ട്
|മരുന്നുകൾ ചെറിയ ആളവിൽ ആശുപത്രിയിലേക്ക് വിതരണം ചെയ്യുന്നതാണ് പ്രതിസന്ധിയെന്നും ഇവർ പറഞ്ഞു
പാലക്കാട്: തെരുവ് നായയുടെ കടിയേറ്റ് ചികിത്സയ്ക്കെത്തുന്ന മുഴുവൻ ആളുകൾക്കും വാക്സിൻ നൽകാൻ സാധിക്കുന്നില്ലെന്ന് പാലക്കാട് ജില്ലാ ആശുപത്രി സൂപ്രണ്ട് . മരുന്നുകൾ ചെറിയ ആളവിൽ ആശുപത്രിയിലേക്ക് വിതരണം ചെയ്യുന്നതാണ് പ്രതിസന്ധിയെന്നും ഇവർ പറഞ്ഞു. വിഷയം അധികൃതരെ കൃത്യമായി അറിയിച്ചിട്ടുണ്ടെന്നുമാണ് സൂപ്രണ്ടിന്റെ വിശദീകരണം.
ഇന്നലെ പേപ്പട്ടിയുടെ കടിയേറ്റ് , പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിനിക്ക് പുറമേ നിന്നാണ് ആന്റി റാബീസ് സിറം വാങ്ങി നൽകിയത്. ഇത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്രതിസന്ധി തുടങ്ങിയിട്ട് രണ്ടാഴ്ചയായി എന്ന് ആശുപത്രി സൂപ്രണ്ട് ജയശ്രീ ചൂണ്ടിക്കാട്ടുന്നു. ദിവസേന 80 ലധികം ആളുകൾ തെരുവ് നായയുടെ കടിയേറ്റ് പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തുന്നുണ്ട്. ഇതേ അളവിൽ ജില്ലാ ആശുപത്രിയിൽ വാക്സിൻ എത്തിച്ച് നൽകുന്നില്ലെന്ന് ഇവർ പറയുന്നു. ഇത് സംബന്ധിച്ച് എല്ലാ മാസവും അധികൃതർക്ക് കൃത്യമായ വിവരവും താൻ കൈമാറുന്നുണ്ടെന്ന് സൂപ്രണ്ട് വ്യക്തമാക്കി.
പുറമേ വലിയ വിലയുള്ള ആന്റി റാബീസ് സിറം , ജില്ലാ ആശുപത്രിയിൽ ലഭിക്കാത്തത് സാധാരണക്കാർക്ക് കാര്യമായ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇതിന് മുൻപും ജില്ലയിൽ വാക്സിൻ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് പല മേഖലകളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.