Kerala
Jijo Thillankeri, CPIM, Akash Thillankeri, ജിജോ തില്ലങ്കേരി, ആകാശ് തില്ലങ്കേരി, സിപിഎം
Kerala

'സിപിഎമ്മില്‍ നിന്ന് പുറത്താക്കിയിട്ടില്ല, മാറി നിന്നത്'; പാര്‍ട്ടിയിലേക്ക് തിരികെ വരുമെന്ന് ജിജോ തില്ലങ്കേരി

Web Desk
|
24 Feb 2023 8:11 PM GMT

'സ്നേഹിച്ച് കല്യാണം കഴിച്ച പെണ്ണിനെയും, കുട്ടിയെയും ഒരു കുറവും വരാതെ നോക്കാൻ, അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ചില മേഖലകളിലേക്ക് പോയത് ഒരിക്കലും എന്‍റെ മനസ്സിൽ തെറ്റായിരുന്നില്ല'

കണ്ണൂര്‍: സിപിഎമ്മിൽ നിന്നും തന്നെ പുറത്താക്കിയിട്ടില്ലെന്നും മടങ്ങിയെത്തുമെന്നും ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി. പാർട്ടി അംഗമായി നിൽക്കുമ്പോൾ ചെയ്യാൻ പാടില്ലാത്തത് ചെയ്തു. ഇത് തിരിച്ചറിഞ്ഞാണ് പാർട്ടി മെമ്പർഷിപ്പ് പുതുക്കാതിരുന്നത്. വിമർശനങ്ങൾ ഉൾക്കൊണ്ട് പാർട്ടിയിലേക്ക് തിരിച്ചുവരാൻ ശ്രമിക്കുമെന്നും ജിജോ തില്ലങ്കേരി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ക്വട്ടേഷനും സ്വര്‍ണക്കടത്തും ആരോപണം ഉന്നയിക്കുന്നവരോട് ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും പാര്‍ട്ടിയെയോ നേതാക്കളെയോ രക്തസാക്ഷികളെയോ അപമാനിച്ചിട്ടില്ലെന്നും ജിജോ പറഞ്ഞു. 26 വയസിനിടയില്‍ 23 കേസുകളില്‍ പ്രതിയായി. കുടുംബം നോക്കാന്‍ മറ്റ് മേഖലകളിലേക്ക് പോയത് തെറ്റായി കാണുന്നില്ല. ശരീരത്തില്‍ ബോംബിന്‍റെ ചീളുമായി നടക്കുന്നയാളാണ് താനെന്നും ഉളുപ്പില്ലാത്തവന്‍ എന്ന് ആയിരം തവണ കേള്‍ക്കേണ്ടി വന്നാലും ഇടതുപക്ഷ രാഷ്ട്രീയം വിടില്ലെന്നും ജിജോ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ആകാശ് തില്ലങ്കേരി അടക്കമുള്ള ഒമ്പത് സുഹൃത്തുക്കളെ ടാഗ് ചെയ്തുകൊണ്ടാണ് ജിജോ ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.

ജിജോ തില്ലങ്കേരിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപമിങ്ങനെ:

വയസ്സ് - 30

26 വയസ്സിൽ കല്യാണം

26 വയസ്സിനുള്ളിൽ 23 കേസുകൾ, കല്യാണത്തിന് ശേഷം ഇപ്പോൾ വിവാദമായ കേസ് അല്ലാതെ മറ്റൊരു കേസ് ആക്കിയിട്ടില്ല. സ്വസ്ഥമായി കുടുംബവുമായി കഴിഞ്ഞു പോകുന്നു, പാർട്ടി മെമ്പറായി നിൽക്കുമ്പോൾ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ ഞാൻ ചെയ്യാൻ തുടങ്ങിയപ്പോൾ, ചെയ്യുന്ന കാര്യങ്ങൾ ഒരു പാർട്ടിക്കാരൻ ചെയ്യാൻ പാടില്ലാത്തത് ആണ് എന്ന ഉത്തമ ബോധ്യം ഉളളതു കൊണ്ട് മെമ്പർഷിപ്പ് പുതുക്കാതെ നിന്നു . അല്ലാതെ പാർട്ടി എന്നെ പുറത്താക്കിയതല്ല -ചെത്ത് തൊഴിലും, ടൈൽസ് വർക്കും, തേപ്പിന്‍റെ പണിയും, കല്ല് വണ്ടിയിലും, തുടങ്ങി ഒട്ടുമിക്ക ജോലികളും ചെയ്തിട്ടുണ്ട്, ചെയ്യുന്നുണ്ട്. ആയിരം രൂപ കൂലിയിൽ പത്ത് ദിവസം കോടതിയിൽ പോക്കും കഴിഞ്ഞ് അത്യാവശ്യ കുടുംബ ലീവും കഴിഞ്ഞാൽ, മാസം പത്തായിരം കടമായിരുന്നു.

സ്നേഹിച്ച് കല്യാണം കഴിച്ച പെണ്ണിനെയും, കുട്ടിയെയും ഒരു കുറവും വരാതെ നോക്കാൻ, അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ചില മേഖലകളിലേക്ക് പോയത് ഒരിക്കലും എന്‍റെ മനസ്സിൽ തെറ്റായിരുന്നില്ല. ക്വട്ടേഷനും സ്വരണക്കടത്തെന്നും പറയുന്നവരോട് ഒരു കാര്യം പറയാം, ഒരു ക്രൈമും ഞങ്ങൾ ചെയ്തിട്ടില്ല, ചെയ്യുകയുമില്ല. പാർട്ടിയെയും, നേതാക്കളെയും , രക്തസാക്ഷികളെയും അപമാനിച്ചിട്ടോ കളങ്കപ്പെടുത്തിയിട്ടോ ഇല്ല. പ്രാദേശികമായ വിഷയത്തിൽ ചില സ്ഥാനത്തിരിക്കുന്നവർ അവരുടെ സ്ഥാനത്തിന് യോജിക്കാത്ത പ്രവർത്തി ചെയ്തപ്പോൾ വിമർശിച്ചതും തെറി പറഞ്ഞതും സത്യം തന്നെയാണ്. ഉളുപ്പില്ലാതെ എന്ന് ആയിരം വട്ടം കേൾക്കേണ്ടി വന്നാലും, തെരുവിലിട്ട് പരസ്യമായി തള്ളി പറഞ്ഞാലും-മനസ്സിലുള്ള ഈ ഇടതുപക്ഷ രാഷ്ട്രീയം മാഞ്ഞു പോകില്ല. ഒരു ചെവി കേൾക്കാതെ പുറത്ത് ഇന്നും ബോംബിന്‍റെ ചീളും പേറി നടക്കുന്ന എനിക്കൊക്കെ ഈ രാഷ്ട്രീയം അവസാനിപ്പിക്കാൻ തോന്നില്ല, മനസ്സിൽ കൊത്തിയിട്ടു പോയ് ഞങ്ങളുടെ ചില പ്രവർത്തികൾ മാധ്യമങ്ങൾക്ക് കൊത്തിവലിക്കാനും രാഷ്ട്രീയ എതിരാളികൾക്ക് ചട്ടുകമാകാനും കാരണമായതിൽ അങ്ങേയറ്റം പ്രയാസമുണ്ട്.

പ്രദേശിക നേതാക്കൾക്ക് മുളയിലേ വെള്ളം ഒഴിച്ച് കെടുത്താൻ പറ്റുമായിരുന്നിട്ടും മണ്ണെണ്ണ ഒഴിച്ച നിലപാട് ഞങ്ങളെ അങ്ങേയറ്റം വേദനിപ്പിച്ചു. തെറ്റുകൾ തിരുത്തി, വിമർശനങ്ങളെ ഉൾകൊണ്ട് ഇനിയും പാർട്ടിയിലേക്ക് തിരിച്ചു വരാൻ ശ്രമിക്കും. കാലങ്ങൾ ഒരുപാട് എടുക്കുമെന്ന് അറിയാം. എങ്കിലും പാർട്ടിക്ക് ബോധ്യം വരും വരെ കാത്തിരിക്കും. ഈ ഇടതുപക്ഷ ആശയമല്ലാതെ മരണം വരെ മറ്റൊന്നില്ല.

Similar Posts