'ഞായറാഴ്ച വിളിപ്പിക്കാൻ പൊലീസിന് ബോധമില്ലേ, ഹാജരാകാതിരുന്നത് സൗകര്യമില്ലാത്തതിനാല്‍': പി.സി ജോർജ്
|'താൻ വലിയ പ്രശ്നത്തിൽ പെട്ടപ്പോൾ കൂടെ നിന്നത് ബി.ജെ.പിയാണ്. അവരോട് നന്ദി കാണിച്ചില്ലെങ്കിൽ താനൊക്കെ എന്ത് മനുഷ്യനായിരിക്കും'
കൊച്ചി: ഞായറാഴ്ച ദിവസം വിളിപ്പിക്കാൻ പൊലീസിന് ബോധമില്ലേയെന്ന് പി.സി ജോർജ്. അവധി ദിവസമാണെന്നറിഞ്ഞും പൊലീസ് ഞായറാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടു. ലോകം മുഴുവൻ ഞായറാഴ്ച അവധിയാണെന്നും പി.സി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.പൊലീസ് നാല് നോട്ടീസാണ് തന്നത്. ഫോർട്ട് അസി.കമ്മീഷണർ വിളിച്ചപ്പോൾ ഫോണെടുത്തില്ലെന്നും ജോർജ് പറഞ്ഞു.
ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത് സൗകര്യമില്ലാത്തതിനാലാണ്. ജയിലിനകത്ത് കിടന്നപ്പോൾ ചോദ്യം ചെയ്യാമായിരുന്നില്ലേയെന്നും പി.സി ജോർജ് ചോദിച്ചു.
'താൻ എൻ.ഡി.എയുടെയോ ബി.ജെ.പിയുടെയോ ഭാഗമല്ല. കേരളത്തിലെ ഇടത്, വലത് മുന്നണികൾ നടത്തുന്ന തീവ്രവാദ പ്രീണനത്തിനെതിരായാണ് താൻ നിലപാടെടുത്തതെന്ന് പി.സി ജോർജ് പറഞ്ഞു. 'തൃക്കാക്കരയിൽ ബി.ജെ.പിയുടെ സ്ഥാനാർഥിക്ക് പിന്തുണ നൽകുന്നു. എന്നാൽ താൻ ബി.ജെ.പിയുടെയോ എൻ.ഡി.എയുടെയോ ഭാഗമല്ല. ബി.ജെ.പിയുടെ എ.എൻ രാധാകൃഷ്ണന് വിജയസാധ്യതയുണ്ട്. തീവ്രവാദ സംഘങ്ങൾക്കെതിരെ തികഞ്ഞ മതേതര നിലപാടെടുക്കുന്ന ബി.ജെ.പി, തന്റെ നിലപാടുകളുമായി യോജിച്ചു പോകുന്നത് കൊണ്ടാണ് പിന്തുണ കൊടുത്തത്. താൻ വലിയ പ്രശ്നത്തിൽ പെട്ടപ്പോൾ, പിണറായി വിജയൻ തന്നെ അക്രമിച്ചപ്പോൾ തന്റെ കൂടെ നിന്നത് ബി.ജെ.പിയാണ്'. അവരോട് നന്ദി കാണിച്ചില്ലെങ്കിൽ താനൊക്കെ എന്ത് മനുഷ്യനായിരിക്കുമെന്നും ജോർജ് പറഞ്ഞു.
തനിക്ക് സ്ഥാനമോഹങ്ങളുണ്ടെന്ന് പറയുന്നവരോട് മറുപടി പറയുന്നില്ല. ലോക് സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി സഹകരിക്കുമെന്നും പി.സി ജോർജ് പറഞ്ഞു. വെള്ളാപ്പള്ളിയെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാം. അദ്ദേഹത്തിനെതിരെ ഒന്നും പറയില്ലെന്നും ജോര്‍ജ് പറഞ്ഞു.വിവിധ മതസമൂഹങ്ങള്‍ക്ക് ആകുലതകളുണ്ട്, അത് പറയും. പിതാക്കന്മാരെ നികൃഷ്ടജീവിയെന്ന് വിളിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
-പൊലീസ് വിളിക്കുകയോ പോകുകയോ എന്നല്ല പ്രധാനപ്പെട്ട കാര്യം