നികുതി കുടിശിക; ഇൻഡിഗോയുടെ ഒരു ബസിന്കൂടി നോട്ടീസ്
|43000 രൂപയുടെ നികുതി കുടിശ്ശികയാണ് ബസിനുള്ളത്
മലപ്പുറം: നികുതി കുടിശിക വരുത്തിയതിന് ഇന്‍ഡിഗോയുടെ ഒരു ബസിന് കൂടി നോട്ടീസ്. 43000 രൂപയുടെ നികുതി കുടിശികയാണ് ബസിനുള്ളത്. മലപ്പുറം ആർ.ടി.ഒയാണ് നോട്ടീസയച്ചത്. കരിപ്പൂർ എയർപോർട്ടില്‍ സർവീസ് നടത്തുന്ന ഇന്‍ഡിഗോയുടെ എല്ലാ ബസുകളുടെയും രേഖകള്‍ പരിശോധക്ക് വിധേയമാക്കിയിരുന്നു. നികുതി കുടിശികയുള്ളത് രണ്ടു വാഹനങ്ങള്‍ക്ക് മാത്രമാണ്. അതില്‍ ഒന്ന് ഇന്നലെ കസ്റ്റഡിലായി. രണ്ടാമത്തേതിനാണ് നോട്ടീസ് നല്‍കിയത്.
ഫറോക്ക്, ചുങ്കത്ത് അശോക് ലെയ്‌ലാൻഡ് ഷോറൂമിൽ നിന്നാണ് ഇൻഡിഗോ എയർലൈൻസിന്‍റെ ബസ് ട്രാൻസ്പോർട്ട് വിഭാഗം കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തത്. ആറു മാസത്തെ നികുതി കുടിശികയുണ്ടെന്നായിരുന്നു കണ്ടെത്തല്‍. വിമാനത്താവളത്തിനുള്ളിൽ ഉപയോഗിക്കുന്ന വാഹനങ്ങളിൽ ഭൂരിഭാഗവും നികുതിയടക്കാത്തതാണെന്നാണ് മോട്ടോർ വാഹനവകുപ്പ് കരുതുന്നത്. ഇതേതുടര്‍ന്ന് പരിശോധന കര്‍ശനമാക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.
എല്‍.ഡി.എഫ് കണ്‍വീനർ ഇ.പി ജയരാജനെതിരെ ഇന്‍ഡിഗോ എയർലൈന്‍സ് യാത്രാവിലക്ക് ഏർപ്പെടുത്തിയ സംഭവത്തിന് പിന്നാലെ പരിശോധന തുടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് നിയമലംഘനം പുറത്തുവരുന്നത്. എന്നാല്‍, ഇ.പിക്കെതിരായ യാത്രാവിലക്കുമായി ഇപ്പോഴത്തെ നടപടിക്ക് ബന്ധമില്ലെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.