'തട്ടിക്കൊണ്ടുപോയതിനു പിറകിൽ കൊടുവള്ളി സ്വദേശി സാലി'; പ്രതികരിച്ച് ഷാഫിയുടെ സഹോദരൻ
|തട്ടിക്കൊണ്ടുപോയതിനു പിന്നിൽ താനാണെന്ന വാദം ഷാഫിയെ കൊണ്ട് പറയിപ്പിച്ചതാണെന്നും നൗഫൽ
കോഴിക്കോട്: താമരശേരിയിൽനിന്ന് ഒരു സംഘം തട്ടിക്കൊണ്ടുപോയതിന് ശേഷം പ്രവാസിയായ ശാഫി ഉയർത്തിയ ആരോപണങ്ങളോട് പ്രതികരിച്ച് സഹോദരൻ നൗഫൽ. തട്ടിക്കൊണ്ടുപോയതിനു പിന്നിൽ താനാണെന്ന വാദം ഷാഫിയെ കൊണ്ട് പറയിപ്പിച്ചതാണെന്നും തട്ടിക്കൊണ്ടു പോകലിന് പിന്നിൽ കൊടുവള്ളി സ്വദേശി സാലിയാണെന്നും നൗഫൽ മീഡിയവണിനോട് പറഞ്ഞു. താനും ഷാഫിയും തമ്മിൽ ഒരു പ്രശ്‌നവുമില്ലെന്നും നിലവിലെ പൊലീസ് അന്വേഷണത്തിൽ പൂർണ തൃപ്തിയാണെന്നും അദ്ദേഹം വ്യക്തമാക്കി. സൗദി രാജകുടുംബത്തിന്റെ സ്വർണം കടത്തി എന്നത് കെട്ടുകഥയാണെന്നും പറഞ്ഞു. സാലി മാത്രമാണ് തങ്ങളോട് ശത്രുതയുള്ള ഏക ആളാണെന്നും അദ്ദേഹം വ്യക്തമാക്കി.
നൗഫൽ തന്നെ ആപത്തിലാക്കുമെന്നും ഇക്കാര്യം തന്നോട് പിതാവ് പറഞ്ഞിരുന്നുവെന്നും ശാഫി ആരോപിച്ചിരുന്നു. ഈ ആരോപണത്തോട് ഷാഫിയുടെ പിതാവും പ്രതികരിച്ചു. താൻ അത്തരം കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ലെന്നും അതിനുള്ള സാഹചര്യമില്ലെന്നും കുടുംബത്തിന്റെ കാര്യങ്ങളെല്ലാം മൂത്തമകനായ നൗഫലാണ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വീഡിയോയിൽ പറയുന്ന കാര്യങ്ങളൊക്കെ കള്ളമാണെന്നും പിതാവ് പറഞ്ഞു.
സഹോദരൻ നൗഫലാണ് തട്ടിക്കൊണ്ടുപോകലിന് പിറകിലെന്ന് പ്രവാസി ഷാഫി കഴിഞ്ഞ ദിവസം പുറത്തുവന്ന വിഡിയോയിൽ ആരോപിച്ചിരുന്നു. ഇസ്‌ലാം മതവിശ്വാസപ്രകാരം പെൺകുട്ടികളുള്ളവർ മരിച്ചാൽ സ്വത്ത് മുഴുവൻ സഹോദരന് ലഭിക്കുമെന്നും ഇതിനുവേണ്ടി സഹോദരൻ തന്നെ കൊല്ലാൻ ശ്രമിക്കുകയാണെന്നുമാണ് പുറത്തുവന്ന വിഡിയോയിൽ ഷാഫി ആരോപിച്ചത്. നൗഫലിനെ ശ്രദ്ധിക്കണമെന്ന് പിതാവ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ഇതിൽ പറയുന്നുണ്ട്. എന്നാൽ, അന്വേഷണം വഴിതിരിച്ചുവിടാനായി തട്ടിക്കൊണ്ടുപോയ സംഘം തന്നെയാണ് ഷാഫിയെക്കൊണ്ട് വിഡിയോ ചെയ്യിച്ചതെന്ന് പൊലീസ് സംശയിക്കുന്നത്. വിഡിയോയുടെ ആധികാരികത പരിശോധിച്ചുവരികയാണെന്നാണ് പൊലീസ് അറിയിച്ചത്.
അതിനിടെ, സംഭവത്തിൽ നാലുപേരെ കൂടി കസ്റ്റഡിയിലെടുത്തു. ഒരാളെ വയനാട് മാനന്താവാടിയിൽനിന്നും മൂന്നുപേരെ കാസർകോട് മഞ്ചേശ്വരത്തുനിന്നുമാണ് കസ്റ്റഡിയിലെടുത്തത്. മാനന്തവാടിയിൽനിന്ന് കസ്റ്റഡിയിലെടുത്തയാളെ താമരശ്ശേരി ഡിവൈ.എസ്.പി ഓഫീസിൽ ചോദ്യംചെയ്തിരുന്നു.
Noufal is responding to Shafi's allegations after he was abducted by a gang from Thamarassery.