എഴുത്ത് ബാക്കി, തൂലികയുമായി മടക്കം: നോവലിസ്റ്റ് ഗഫൂർ അറയ്ക്കൽ അന്തരിച്ചു
|ഇന്ന് പുതിയ നോവൽ പ്രകാശനം ചെയ്യാനിരിക്കെയായിരുന്നു അന്ത്യം.
കോഴിക്കോട്: പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ ഗഫൂർ അറയ്ക്കൽ അന്തരിച്ചു. 'ദ കോയ' എന്ന നോവലിന്റെ രചയിതാവാണ്. 2015ൽ പുറത്തിറങ്ങിയ ‘ലുക്കാച്ചുപ്പി’ എന്ന സിനിമയുടെ തിരക്കഥ ഗഫൂറിന്റെതാണ്. ഫറോക്ക് പേട്ട സ്വദേശിയാണ് ഇദ്ദേഹം. കാൻസർ ബാധിതനായി കോഴിക്കോട് സഹകരണ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഗഫൂറിന്റെ പുതിയ നോവലിന്റെ പ്രകാശനം കെ.പി കേശവമേനോന്‍ ഹാളില്‍ വെച്ച് ഇന്ന് വൈകിട്ട് നടത്താനിരിക്കെ ആയിരുന്നു അന്ത്യം. പുസ്തകപ്രകാശനം അധികൃതർ മാറ്റിവെച്ചു.
അമീബ ഇരപിടിക്കുന്നതെങ്ങനെ, നിദ്ര നഷ്ടപ്പെട്ട സൂര്യൻ, എന്നീ കവിതാസമാഹാരങ്ങളും നക്ഷത്രജന്മം, ഹോർത്തൂസുകളുടെ ചോമി, മത്സ്യഗന്ധികളുടെ ദ്വീപ് എന്നീ ബാലസാഹിത്യ കൃതികളും പുറത്തിറക്കിയിട്ടുണ്ട്. ഒരു ഭൂതത്തിന്റെ ഭാവിജീവിതം, അരപ്പിരി ലൂസായ കാറ്റാടി യന്ത്രം, രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടറി തുടങ്ങിയവയാണ് പ്രധാന നോവലുകൾ. ജനശതാബ്ദി, കോട്ടയം തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്ത് കൂടിയാണ്.