ഇനി ബസുകള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം; മന്ത്രി ആന്‍റണി രാജു
|സെപ്റ്റംബര്‍ ഒന്ന് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്നും മന്ത്രി അറിയിച്ചു
തിരുവനന്തപുരം: ഇനി മുതല്‍ ബസുകള്‍ ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങള്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായിരിക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. സെപ്റ്റംബര്‍ ഒന്ന് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്നും മന്ത്രി അറിയിച്ചു. ഹെവി വാഹനങ്ങളിലെ ഡ്രൈവര്‍ക്കും ഡ്രൈവറുടെ കാബിനില്‍ ഇരിക്കുന്നയാള്‍ക്കുമായിരിക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാകുക. ബസുകളില്‍ ഡ്രൈവര്‍ക്കും ഡ്രൈവറുടെ സീറ്റിന് നേരെ ഘടിപ്പിച്ച സീറ്റിലെയാള്‍ക്കുമായിരിക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം.
അഞ്ചാം തിയതി രാവിലെ എട്ട് മണി മുതൽ എട്ടാം തിയതി രാത്രി 11:59 വരെ 3,52,730 കേസുകൾ എ.ഐ ക്യാമറയിലൂടെ കണ്ടെത്തിയതായും മന്ത്രി വിശദീകരിച്ചു. ഇതില്‍ 80,743 കേസുകളാണ് കെൽട്രോൺ സ്ഥിരീകരിച്ചത്. 19,790 എണ്ണം മോട്ടോര്‍ വാഹന വകുപ്പ് പരിശോധിച്ച് ഉറപ്പ് വരുത്തി. ഇതില്‍ 10,457 എണ്ണത്തിന് ചെലാൻ അയച്ചതായും മന്ത്രി പറഞ്ഞു. വി.ഐ.പി വാഹനങ്ങളുമായി ബന്ധപ്പെട്ട് 56 കേസുകളാണ് വന്നതെന്നും ഇതില്‍ പത്ത് എണ്ണത്തിന് ചെലാന്‍ തയ്യാറാക്കിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എ.ഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം റോഡപകട മരണ നിരക്കില്‍ ഗണ്യമായ കുറവ് വന്നതായും മന്ത്രി വിശദീകരിച്ചു. എ.ഐ ക്യാമറ നിലവില്‍ വന്ന അഞ്ചാം തിയതി എട്ട് പേരാണ് റോഡ് അപകടങ്ങളില്‍ മരിച്ചത്. ഇന്നലെത്തെ കണക്കില്‍ ഇത് ആറ് പേരാണ്. ശരാശരി മരണ സംഖ്യ നേരത്തെ 12 ആയിരുന്നു. അത് നേര്‍ പകുതിയിലെത്തിയതായും ആന്‍റണി രാജു പറഞ്ഞു.