ബ്രഹ്മപുരം: പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്ന് കലക്ടർ എൻ.എസ്.കെ ഉമേഷ്
|എറണാകുളം കലക്ടറായിരുന്ന രേണു രാജിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയതിന് പിന്നാലെയാണ് ഉമേഷ് ചുമതലയേറ്റത്
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീയും പുകയും അണക്കാനുള്ള ശ്രമം ഇന്നും തുടരുകയാണ്. ബ്രഹ്മപുരത്തെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്നും ഇപ്പോഴുള്ള സാഹചര്യം അതിജീവിക്കുമെന്നും പുതുതായി ചാർജെടുത്ത കലക്ടർ എൻ.എസ്.കെ ഉമേഷ് പറഞ്ഞു. എറണാകുളം കലക്ടറായിരുന്ന രേണു രാജിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയതിന് പിന്നാലെയാണ് ഉമേഷ് ചുമതലയേറ്റത്. ചുമതലയേറ്റ കലക്ടർ ഉടൻ ബ്രഹ്മപുരം സന്ദർശിക്കും.
ഹൈക്കോടതി ശക്തമായ നടപടിക്ക് ശിപാർശ ചെയ്തതിന് പിന്നാലെ ബ്രപ്മപുരത്ത് യുദ്ധകാല അടിസ്ഥാനത്തിൽ തീ അണക്കൽ പുരോഗമിക്കുകയാണ്. ഇന്നലെ രാത്രി മുഴുവനും തീ അണയ്ക്കൽ തുടർന്നു. കാര്യക്ഷമമായി തീ അണയ്ക്കുന്നതിന് സമീപ ജില്ലകളിൽ നിന്നും യന്ത്രങ്ങളും മറ്റ് ഉപകരണങ്ങളും എത്തിച്ചിട്ടുണ്ട്. പുക ഇല്ലാതാക്കുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.
ആരോഗ്യപ്രശ്നങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യാൻ സാധ്യത ഉള്ളതിനാൽ കൊച്ചി കോർപ്പറേഷനിലും സമീപ പ്രദേശങ്ങളിലുമുള്ള തദ്ദേശ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ ഇന്നും നാളെയും അവധി നൽകിയിട്ടുണ്ട്. എന്നാൽ അവധി പൊതുപരീക്ഷകൾക്ക് ബാധകമല്ല.