ഷംസീറിനെതിരെ എൻ.എസ്.എസ് ഇന്ന് വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കും
|ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധത്തിന്റെ മാതൃകയിലാണ് നാമ ജപ ഘോഷയാത്ര നടത്തുന്നത്.
തിരുവനന്തപുരം: നിയമസഭാ സ്പീക്കർ എ.എൻ ഷംസീറിനെതിരെ നിലപാട് കടുപ്പിക്കുന്നതിൻ്റെ ഭാഗമായി എൻ.എസ്.എസ് ഇന്ന് വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കും. ഇതിൻ്റെ ഭാഗമായി വിശ്വാസികൾ വീടുകൾക്ക് അടുത്തുള്ള ഗണപതി ക്ഷേത്രങ്ങളില്‍ വഴിപാട് നടത്താനാണ് എൻ.എൻ.എസ് ആവശ്യപ്പെട്ടിരിക്കുന്നത്. തലസ്ഥാനത്ത് നാമ ജപ ഘോഷയാത്രയും നടത്തും. പാളയം ഗണപതി ക്ഷേത്രം മുതൽ പഴവങ്ങാടി വരെ ആയിരിക്കും ഘോഷയാത്ര. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധത്തിന്റെ മാതൃകയിലാണ് നാമ ജപ ഘോഷയാത്ര നടത്തുന്നത്. ഇതിന്റെ പേരില്‍ മതവിദ്വേഷജനകമായി യാതൊരു നടപടിയും ഉണ്ടാകരുതെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി അറിയിച്ചിട്ടുണ്ട്.
വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാൻ എൻ.എസ്.എസ് നേരത്തെ തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച് എല്ലാ താലൂക്ക് പ്രസിഡന്റുമാർക്കും സർക്കുലൻ അയച്ചിട്ടുണ്ട്. ഷംസീർ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം സർക്കാർ നടപടിയെടുക്കണമെന്നും എൻ.എസ്.എസ് ആവശ്യപ്പെട്ടപ്പോൾ അതിനെ നിസ്സാരവത്കരിക്കുകയാണ് ചെയ്തതെന്നും കത്തിൽ കുറ്റപ്പെടുത്തലുണ്ട്.