ഡ്രോൺ വാങ്ങാനായി വില അന്വേഷിച്ച എൻ.എസ്.യു സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു
|നവകേരള സദസ്സിൽ മുൻകൂർ അനുമതിയില്ലാതെ ഡ്രോൺ പറത്താൻ ശ്രമിച്ചുവെന്നാണ് എറികിനെതിരായ എഫ്.ഐ.ആറിൽ പറയുന്നത്.
തിരുവനന്തപുരം: ഡ്രോൺ വാങ്ങാനായി വില അന്വേഷിച്ച എൻ.എസ്.യു ദേശീയ സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തതായി പരാതി. തിരുവനന്തപുരം സ്വദേശി എറിക് സ്റ്റീഫനെയാണ് വലിയതുറ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടത്. നവകേരള സദസ്സിൽ മുൻകൂർ അനുമതിയില്ലാതെ ഡ്രോൺ പറത്തിക്കാൻ ശ്രമിച്ചുവെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. എഫ്.ഐ.ആറിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.
താൻ വില ചോദിച്ച ഡ്രോണിന്റെ കമ്പനികൾക്കും പൊലീസ് നോട്ടീസ് അയച്ചതായി എറിക് പറഞ്ഞു. എറികിനും അദ്ദേഹത്തിന്റെ ഗ്യാങ്ങിനും ഡ്രോൺ നൽകരുതെന്ന് പറഞ്ഞാണ് നോട്ടീസ് അയച്ചത്. തന്റെ ഫോൺ വിവരങ്ങൾ മുഴുവൻ പൊലീസ് ശേഖരിച്ചു. ആരെയൊക്കെ വിളിച്ചുവെന്ന് പൊലീസ് തന്നോട് ഇങ്ങോട്ട് പറഞ്ഞെന്ന് എറിക് പറഞ്ഞു. രാത്രി വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്ത തന്നെ പുലർച്ചെ നാലിനാണ് വിട്ടയച്ചത്. പൊലീസ് നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും എറിക് സ്റ്റീഫൻ പറഞ്ഞു.