Kerala
നീതിക്കു വേണ്ടി കന്യാസ്ത്രീകള്‍ തെരുവിലിറങ്ങി; കേരളം മുന്‍പ് കണ്ടിട്ടില്ലാത്ത സംഭവവികാസങ്ങള്‍
Kerala

നീതിക്കു വേണ്ടി കന്യാസ്ത്രീകള്‍ തെരുവിലിറങ്ങി; കേരളം മുന്‍പ് കണ്ടിട്ടില്ലാത്ത സംഭവവികാസങ്ങള്‍

Web Desk
|
14 Jan 2022 1:30 AM GMT

ഒരു ബിഷപ്പിനെതിരെ കന്യാസ്ത്രീ നല്‍കിയ പീഡന പരാതി സഭയെ തന്നെ പിടിച്ചു കുലുക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല

രാജ്യത്തെ തന്നെ അത്യപൂർവ്വ കേസായിട്ടാണ് ഫ്രാങ്കോ മുളയ്ക്കൽ കേസിനെ പരിഗണിക്കുന്നത്. സഭയ്ക്കുള്ളിൽ പരാതി നല്‍കിയെങ്കിലും കന്യാസ്ത്രീയോട് സഭാ നേതൃത്വം മുഖം തിരിച്ചു. പൊലീസിൽ പരാതി നല്‍കിയതും നീതിക്ക് വേണ്ടി കന്യാസ്ത്രീകൾ തെരുവിലിറങ്ങിയതും കേരളം മുന്‍പ് കണ്ടിട്ടില്ലാത്ത സംഭവവികാസങ്ങളായിരുന്നു. കേസിന്‍റെ നാൾ വഴികളിലൂടെ..

ഒരു ബിഷപ്പിനെതിരെ കന്യാസ്ത്രീ നല്‍കിയ പീഡന പരാതി സഭയെ തന്നെ പിടിച്ചു കുലുക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല. അരമനയ്ക്കുള്ളിൽ നിന്നും അഴിക്കുള്ളിലേക്ക് ഒരു ബിഷപ്പ് എത്തിയ അത്യപൂർവ്വ സംഭവം. കുറവിലങ്ങാട്ടെ മിഷണറീസ് ഓഫ് ജീസസ് മഠത്തിലെ കന്യാസ്ത്രീയെ 2014-2016 കാലഘട്ടത്തിൽ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു പരാതി. 2018 ജൂൺ 27 പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ജലന്ധറിൽ എത്തി ആദ്യം ബിഷപ്പിന്‍റെ മൊഴിയെടുത്ത പൊലീസ് പിന്നീട് നോട്ടീസ് നല്‍കി. വിളിച്ചു വരുത്തി ചോദ്യം ചെയ്തു. സെപ്തംബർ 19 മുതൽ മൂന്ന് ദിവസം തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിൽ നടത്തിയ ചോദ്യം ചെയ്യലിൽ ബിഷപ്പിന് കുറ്റം സമ്മതിക്കേണ്ടി വന്നു. 2018 സെപ്തംബർ 21ന് ബിഷപ്പിന്‍റെ കയ്യിൽ വിലങ്ങുവീണു. മൂന്ന് ദിവസത്തിന് ശേഷം സെപ്തംബർ 24 ശേഷം പാല ജയിലിലേക്ക് കയറുബോൾ ഒരു ബിഷപ്പ് അഴിക്കുള്ളിലാകുന്ന രാജ്യത്തെ ആദ്യത്തെ സംഭവമായി.

25 ദിവസത്തെ ജയിൽ വാസത്തിന് ശേഷം ഓക്ടോബർ 15 ഹൈക്കോടതി ബിഷപ്പിന് ജാമ്യം അനുവദിച്ചു. ജലന്ധർ സഭയുടെ ചുമതലയിൽ നിന്നും മാറ്റിയെങ്കിലും ബിഷപ്പ് പദവി ഫ്രാങ്കോയ്ക്ക് നഷ്ടമായില്ല. ഇതിനിടെ കന്യാസ്ത്രീകളെ സ്വാധീനിക്കാനും അപായപ്പെടുത്താനുമടക്കം നീക്കങ്ങളുണ്ടായി. അന്വേഷണ ഉദ്യോഗസ്ഥനെതിരെയും ഭീഷണി വന്നു. എന്നാൽ 2019 ഏപ്രിൽ മാസത്തിൽ കുറ്റപത്രം സമർപ്പിച്ചു.

ലൈംഗിക പീഡനമടക്കം 7 വകുപ്പുകൾ ചുമത്തിയായിരുന്നു കുറ്റപത്രം. 2020 ജനുവരിയ വിചാരണ കൂടാതെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിടുതൽ ഹരജി നല്‍കി. എന്നാൽ ഈ ആവശ്യം കീഴ്ക്കോടതിയും സുപ്രിം കോടതിയും തള്ളി. കഴിഞ്ഞ മാസം 29ന് 105 ദിവസം നീണ്ട് നിന്ന രഹസ്യ വിചാരണ പൂർത്തിയായി. അന്തിമ വാദം ഈ മാസം പത്തോടെ അവസാനിച്ചു. തുടർന്നാണ് കോടതി വിധി പറഞ്ഞത്. 2018ൽ തുടങ്ങിയ കന്യാസ്ത്രീകളുടെ പോരാട്ടത്തിന് മൂന്ന് വർഷത്തിന് ശേഷമാണ് നീതി ലഭിച്ചത്.



Similar Posts