Kerala
Nurses strike prs hospital
Kerala

ശമ്പള വർധന; ആറാം ദിവസവും തുടർന്ന് പിആർഎസ് ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം

Web Desk
|
10 Jun 2023 1:33 AM GMT

മാനേജ്മെന്റ് സമവായത്തിന് തയ്യാറായില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് നഴ്സുമാര്‍

തിരുവനന്തപുരം: ശമ്പള വര്‍ധന ആവശ്യപ്പെട്ട് തിരുവനന്തപുരം പി ആര്‍ എസ് ആശുപത്രിയിലെ നഴ്സുമാരുടെ സമരം ആറാം ദിവസവും തുടരുന്നു. പ്രശ്നപരിഹാരത്തിന് ജില്ലാ തൊഴില്‍ ഓഫീസര്‍ വിളിച്ച ചര്‍ച്ചയില്‍ പോലും മാനേജ്മെന്റ് പങ്കെടുക്കുന്നില്ലെന്നാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ ആരോപിക്കുന്നത്. മാനേജ്മെന്റ് സമവായത്തിന് തയ്യാറായില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് നഴ്സുമാര്‍ അറിയിച്ചു

അ‍ഞ്ച് ദിവസം മുമ്പാണ് വേതനവര്‍ധനവ് ആവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലയില്‍ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ സമരം തുടങ്ങിയത്. പിആര്‍എസ് ആശുപത്രി ഒഴികെയുള്ള മാനേജ്മെന്റുകള്‍ നഴ്സുമാരുമായി ധാരണയിലെത്തി പ്രശ്നം പരിഹരിച്ചു. 2018ല്‍ സര്‍ക്കാര്‍ പാസ്സാക്കിയ മിനിമം വേതനം മാത്രമാണ് പിആര്‍എസ് നല്‍കുന്നതെന്നാണ് നഴ്സുമാര്‍ പറയുന്നത്.ആശുപത്രിയില്‍ ജോലി ചെയ്യുന്ന 300ല്‍ അധികം നഴ്സുമാര്‍ സമരത്തിലാണ്.

രണ്ട് തവണ ജില്ലാ തൊഴില്‍ ഓഫീസര്‍ ചര്‍ച്ചക്ക് വന്നിട്ടും പിആര്‍എസ് ആശുപത്രി മാനേജ്മെന്റ് ചര്‍ച്ചക്ക് തയ്യാറായില്ല. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ സംസ്ഥാന,ജില്ലാ ഭാരവാഹികളെ ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിച്ചിട്ടും പിആര്‍എസ് മാനേജ്മെന്റ് സമവായത്തിന് ഒരുക്കമല്ലെന്നാണ് അസോസിയേഷന്‍ പറയുന്നത്.

കരാര്‍ വ്യവസ്ഥയില്‍ നഴ്കുമാരെ നിയമിക്കുന്നത് നിര്‍ത്തലാക്കണമെന്നും അനുഭവപരിചയമുള്ളവര്‍ക്ക് അതിന് അനുസരിച്ചുള്ള ശമ്പളം നല്‍കണമെന്നും നഴ്സുമാര്‍ ആവശ്യപ്പെടുന്നുണ്ട്..

Similar Posts