Kerala
നഴ്സിംഗ് റിക്രൂട്ട്മെന്റ് കേസില്‍ കൊച്ചിയില്‍ രണ്ട് പേര്‍ അറസ്റ്റില്‍
Kerala

നഴ്സിംഗ് റിക്രൂട്ട്മെന്റ് കേസില്‍ കൊച്ചിയില്‍ രണ്ട് പേര്‍ അറസ്റ്റില്‍

Web Desk
|
24 May 2021 2:15 PM GMT

കലൂർ ടേക്ക് ഓഫ്‌ എന്ന പേരിൽ ജോബ് കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തി വന്നവരാണ് പിടിയിലായത്.

നഴ്സിംഗ് റിക്രൂട്ട്മെന്റ് കേസില്‍ കൊച്ചിയില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ദുബൈയില്‍ കോവിഡ് രോഗികളെ ചികിൽസിക്കുന്ന ആശുപത്രിയിൽ ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയവരാണ് എറണാകുളം നോര്‍ത്ത് പൊലീസിന്റെ പിടിയിലായത്. തട്ടിപ്പിനിരയായി ദുബൈയിലെത്തിയവരുടെ ദുരവസ്ഥ നേരത്തേ മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കലൂർ ടേക്ക് ഓഫ്‌ എന്നപേരിൽ ജോബ് കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തിവരുന്ന നെട്ടൂർ സ്വദേശി ഫിറോസ് ഖാൻ, ചേർത്തല കൊമ്പനമുറി സ്വദേശി സത്താർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി പേരെയാണ് തട്ടിപ്പ് നടത്തി ഇവർ ദുബായിലേക്ക് അയച്ചത്. ഓരോരുത്തരിൽ നിന്നായി 2.5 ലക്ഷം രൂപ മുൻകൂറായി കൈപ്പറ്റുകയും ചെയ്തിരുന്നു.

റിക്രൂട്ടിങ് ലൈസെൻസ് ഇല്ലാത്തതിനാൽ വേറെ പല ഏജൻസികളിലൂടെയാണ് ഇവർക്ക് ജോലി ശരിയാക്കാൻ ഉദ്ദേശിച്ചത്. എന്നാൽ വാഹന കച്ചവടക്കാരായ ഇവർ കിട്ടിയ പണം മുഴുവൻ സെക്കന്റ്‌ ഹാൻഡ് വണ്ടികൾ വാങ്ങാൻ ചിലവാക്കി. ദുബായിയില്‍ ഉള്ള ഏജന്റുമാർക്ക് പണം കിട്ടാതിരുന്നത്തോടെ പലതും പിൻവലിഞ്ഞു. ഇതോടെ പല ദിവസങ്ങളിലായി വിദേശത്ത് എത്തിയ ഉദ്യോഗാര്‍ഥികൾ താമസിക്കാൻ സ്ഥലമോ, ഭക്ഷണമോ, ജോലിയോ ഇല്ലാതെ പെരുവഴിയിലായി.

തട്ടിപ്പിനിരയായവരുടെ ദുരവസ്ഥ നേരത്തേ മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പണം നഷ്ട്ടപെട്ട ചിലർ മുഖ്യമന്ത്രി ഉൾപ്പെടെടെയുള്ളവർക്ക് പരാതിയും നല്‍കി. ഇതോടെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇതോടെ പ്രതികള്‍ മുങ്ങി.

കോഴിക്കോട് നിന്ന് ഡല്‍ഹിയിലേക്ക് കടക്കാനുളള ശ്രമത്തിനിടെയാണ് ഇവര്‍ പൊലീസിന്റെ വലയിലാകുന്നത്. കേസില്‍ അറസ്റ്റിലായ ഫിറോസ് ഖാനെ സമാനമായ കുറ്റത്തിന് കഴിഞ്ഞ മാസം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് വീണ്ടും തട്ടിപ്പ് നടത്തിയത്. ഇയാള്‍ക്കെതിരെ എറണാകുളം സെൻട്രൽ, മരട്, ചേർത്തല സ്റ്റേഷനുകളിൽ തട്ടിപ്പ് കേസ്സുകൾ നിലവിലുണ്ട്.

Similar Posts