പത്തനംതിട്ടയില്‍ നഴ്സിംഗ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്
|കേസന്വേഷണം പൊലീസ് അട്ടിമറിക്കുന്നതായി ആരോപിച്ച് മാതാപിതാക്കള്‍ നല്‍കിയ ഹരജിയിലാണ് നടപടി
പത്തനംതിട്ട പെരുന്നാട്ടില്‍ നഴ്സിംഗ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസന്വേഷണം പൊലീസ് അട്ടിമറിക്കുന്നതായി ആരോപിച്ച് മാതാപിതാക്കള്‍ നല്‍കിയ ഹരജിയിലാണ് നടപടി.
പെരുന്നാട് സ്വദേശികളായ അനൂപ് - ആഷ ദമ്പതികളുടെ മകളും നഴ്സിംഗ് വിദ്യാര്‍ഥിയുമായിരുന്ന അക്ഷയ അനൂപിനെ കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് വീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത തോന്നിയ മാതാപിതാക്കള്‍ ഫെബ്രുവരി 18ന് പെരുന്നാട് പൊലീസില്‍ പരാതി നല്‍കി. അക്ഷയയുടെ സുഹൃത്തുക്കളടക്കമുള്ളവര്‍ മരണത്തില്‍ പങ്കുണ്ടെന്നും ഇത് സംബന്ധിച്ച തെളിവുകളുണ്ടെന്നും പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ശരിയായ അന്വേഷണം നടത്താന് പൊലീസ് തയ്യാറായില്ല. തുടര്‍നടപടികളില്ലാതായതോടെ ജില്ലാ പൊലീസ് മേധാവിക്കും ഡി.ജി.പിക്കും പരാതി നല്‍കിയെങ്കിലും കേസന്വേഷണം അട്ടിമറിക്കപ്പെട്ടു. ഇതേ തുടര്‍ന്നാണ് ഹോക്കോടതിയെ സമീപിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടം സംബന്ധിച്ച റിപ്പോര്‍ട്ടില്‍ വിശദമായ വിവരങ്ങളിലെല്ലും പൊലീസിന് തെളിവായി നല്‍കിയ മൊബൈല്‍ ഫോണില്‍ കൃത്രിമം നടന്നതായും ബന്ധുക്കള്‍ പറയുന്നു. ഈ ആരോപണങ്ങളെ ശരിവച്ചാണ് നവംബര്‍ ഒന്നിന് ഹരജി പരിഗണിച്ച ഹൈക്കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. ഡി.വൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവില്‍ പറയുന്നത് . എന്നാല്‍ കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ കണ്ടെത്തണമെന്നും അക്ഷയുടെ സുഹൃത്തുക്കളടക്കമുള്ളവരെ വിശദമായി ചോദ്യം ചെയ്യണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.