നഴ്സിങ് വിദ്യാർഥിയുടെ മരണം; പൊലീസ് അന്വേഷണത്തിൽ തൃപ്തരെന്ന് കുടുംബം
|അന്വേഷണത്തിൽ എല്ലാ കാര്യങ്ങളും പുറത്തുകൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്നും കുടുംബം
തിരുവനന്തപുരം: മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയേയും കണ്ട് പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർഥി അമ്മുവിന്റെ കുടുംബം. മകളുടെ മരണത്തിലുള്ള പൊലീസ് അന്വേഷണത്തിൽ തൃപ്തരാണെന്ന് കുടുംബം പറഞ്ഞു. ആശുപത്രിയിൽ നിന്നുള്ള അനാസ്ഥയാണ് ചൂണ്ടിക്കാട്ടിയത്. അന്വേഷണത്തിൽ എല്ലാ കാര്യങ്ങളും പുറത്തുകൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്നും കുടുംബം വ്യക്തമാക്കി.
സെന്റർ ഫോർ പ്രഫഷനൽ & അഡ്വാൻസ്ഡ് സ്റ്റഡീസ് (സി പാസ്) അന്വേഷണ കമ്മീഷനെ നിയമിച്ചതായും അറിയിച്ചു. കൂടുതൽ വിദ്യാർഥികളുടെ മൊഴിയെടുക്കുമെന്നും അതിനുശേഷം മാത്രമേ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് നൽകൂവെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചു.
അമ്മുവിന്റെ മരണത്തിൽ മൂന്നു പ്രതികളെയും 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇവരെ കൊട്ടാരക്കര സ്പെഷ്യൽ ജയിലിലേക്ക് മാറ്റും. പ്രതികൾക്ക് ജാമ്യം നൽകിയാൽ അന്വേഷണം അട്ടിമറിക്കുമെന്ന് പൊലീസ് കോടതിയിൽ വാദിച്ചു. പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം ഉൾപ്പെടുത്തിയതിന് പിന്നാലെ കേസ് ഡിവൈഎസ്പി നന്ദകുമാറിന് കൈമാറി. പ്രതികൾ ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിച്ചേക്കും.