മരം മുറി കേസ്; വിവരാവകാശ നിയമപ്രകാരം രേഖകൾ നൽകിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥലംമാറ്റം
|പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് നിയമനം.
മരംമുറി കേസില്‍ വിവരാവകാശ പ്രകാരം ഫയല്‍ നല്കിയ ഉദ്യോഗസ്ഥയ്ക്കെതിരേ സര്‍ക്കാരിന്റെ പ്രതികാര നടപടി തുടരുന്നു. റവന്യൂ അണ്ടര്‍ സെക്രട്ടറി ഒ.ജി. ശാലിനിയെ റവന്യൂ വകുപ്പില്‍ നിന്ന് മാറ്റി. പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ അസിസ്റ്റൻറ് ഡയറക്ടറായാണ് സ്ഥാനമാറ്റം.
ഡെപ്യൂട്ടേഷനില്‍ ഒരു വർഷത്തെ കാലാവധിയിലാണ് നിയമനം. ഈ തസ്തികയില്‍ ജോലി ചെയ്തിരുന്ന ബിന്ദു ആര്.ആറിനെ റവന്യൂ വകുപ്പിലേക്ക് മാറ്റിയിട്ടുമുണ്ട്. ഉദ്യോഗസ്ഥയെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാസിക്കുകയും അവരുടെ ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കുകയും ചെയ്തതിന് പിന്നാലെയാണ് സ്ഥലംമാറ്റം.
മരം മുറിയുമായി ബന്ധപ്പെട്ട ഫയലുകള്‍ വിവരാവകാശ നിയമപ്രകാരം കൈമാറിയ അണ്ടര്‍ സെക്രട്ടറി ഒ.ജി ശാലിനിയെ ശാസിച്ച റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി രണ്ട് മാസത്തെ അവധിയില്‍ പ്രവേശിക്കാന്‍ അവരോട് നിര്‍ദേശിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇവര്‍ക്ക് നല്കിയ ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കാന്‍ തീരുമാനിച്ചത്. നടപടി വിവാദമായതോടെ ജയതിലക് ഐ.എ.എസ് ഇറക്കിയ ഉത്തരവ് തിങ്കളാഴ്ച തിരുത്തിയിരുന്നു.
മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട രേഖകളാണ് നിയമപ്രകാരം ഒ.ജി ശാലിനി കൈമാറിയത്. വിവരാവകാശ നിയമപ്രകാരം മറുപടി നല്കിയ ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി സ്വീകരിച്ചത് വിവരാവകാശ ലംഘനമാണെന്നും ഇതിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകനായ പ്രാണകുമാര്‍ വിവരാവകാശ കമ്മീഷന് പരാതിയും നല്‍കിയിട്ടുണ്ട്.