ട്രയിനില്‍ വിദ്യാർഥികൾക്ക് നേരെ അശ്ലീല പ്രകടനം
|ഇയാൾ വിദ്യാർഥികൾക്ക് നേരെ ലൈംഗിക ചേഷ്ടകൾ കാണിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു
തിരുവനന്തപുരം: ട്രയിനിൽ യാത്ര ചെയ്ത വിദ്യാർഥികൾക്ക് നേരെ യാത്രാക്കാരന്‍റെ അശ്ലീല പ്രകടനം. കോട്ടയം എക്സ്പ്രസിൽ തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് പോയ സഹോദരിമാരായ വിദ്യാർഥികൾക്കാണ് ദുരനുഭവം. സംഭവത്തിൽ റെയിൽവേ പൊലീസ് സ്വമേധയാ കേസെടുത്തു.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് തീവണ്ടിയില്‍ കയറിയ മധ്യവയസ്കനാണ് അശ്ലീല പ്രദർശനം നടത്തിയത്. ഒരു കാലിനു മുടന്തുള്ള ഇയാൾ ഊന്നുവടി കുത്തിയാണ് ട്രെയിനിൽ കയറിയത്. ശേഷം ശുചിമുറിക്ക് സമീപം നിലയുറപ്പിച്ച പ്രതി പെൺകുട്ടികൾക്ക് നേരെ ലൈംഗിക ചേഷ്ടകൾ കാണിക്കുകയായിരുന്നു. ഇയാളുടെ പ്രവൃത്തി ശ്രദ്ധയിൽപ്പെട്ട പെൺകുട്ടികളിൽ ഒരാൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. ദൃശ്യങ്ങൾ പകർത്തുന്നു എന്ന് മനസിലാക്കിയ ഉടൻ പ്രതി കഴക്കൂട്ടം സ്റ്റേഷനിൽ ഇറങ്ങി മറ്റൊരു ബോഗിയിൽ മാറിക്കയറി. വർക്കല സ്റ്റേഷനിൽ ഇയാൾ ട്രയിനിൽ നിന്ന് ഇറങ്ങിപ്പോയി എന്നും പെൺകുട്ടികൾ പറയുന്നു. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ റെയില്‍വേ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റെയില്‍വെ സ്‌റ്റേഷനിലെ സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിയെ തിരിച്ചറിയാനാണ് പൊലീസിന്‍റെ ശ്രമം.